കൊല്ലം:ഇസ്രായേലിൽ ജോലി വാഗ്ദ്ദാനം ചെയ്ത് ഏഴര ലക്ഷം രൂപ വീതം നിരവധി പേരിൽ നിന്നും തട്ടിയെടുത്ത യുവതി അറസ്റ്റിൽ.കൊല്ലം ഇരവിപുരം പുത്തൻനട നിള ഭവനിൽ ഷീജ മൈക്കിൾ (55) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ഇവരുടെ കൂട്ടുപ്രതിയായ അഭിലാൽ രാജു ഒളിവിലാണ്. ഇരുവരും ചേർന്ന് ഇസ്രായേലിൽ ജോലി വാഗ്ദ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം കൈപ്പറ്റിയിരുന്നു.വിസ നടപടികൾക്കും മറ്റുമായി ഏഴരലക്ഷം രൂപയാണ് ഒരോരുത്തരിൽനിന്നും ഈടാക്കിയത്.
പറഞ്ഞ സമയത്ത് വിസ ലഭിക്കാതായതോടെ ശക്തികുളങ്ങര സ്വദേശികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ശക്തികുളങ്ങര കൂടാതെ ചവറ, ഇരവിപുരം, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിന് ഇരയായവർ പരാതി നൽകിയിരുന്നു.
ലക്ഷക്കണക്കിന് രൂപ ഇത്തരത്തിൽ ഇവർ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം ശക്തികുളങ്ങര എസ് ഐ ആശ ഐ വി, ചവറ എസ് ഐ ഹാരിസ്, ശക്തികുളങ്ങര എസ് സി പി ഒ ജയകുമാരി, ഇരവിപുരം സി പി ഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.