KeralaNEWS

മദ്യപാനിയെന്ന് കരുതി സമൂഹം അവഗണിച്ചു; വനിതാ പൊലീസിന്റെ ഇടപെടലിൽ കൃഷ്ണകുമാറിന് രണ്ടാം ജന്മം

കോഴിക്കോട് മദ്യപാനിയെന്ന് കരുതി സമൂഹം അവഗണിച്ചതിനാല്‍ റോഡില്‍ മരിച്ചുവീഴുമായിരുന്ന ജീവിതമായിരുന്നു കൃഷ്ണകുമാറിന്റേത്.പക്ഷേ, ജീവനുവേണ്ടി പിടയുന്ന ഹൃദയവേദന പൊലീസുകാരിയായ ഹാജിറക്ക് എളുപ്പം മനസ്സിലായി.യഥാസമയം ഹാജിറ ആ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച്‌  ജീവിതത്തിലേക്ക് മടക്കിവിളിച്ചു.

മലപ്പുറം ഒലിപ്രംകടവ് തിരുത്തി എല്‍പി സ്കൂള്‍ ബസിലെ ഡ്രൈവറായ കൃഷ്ണകുമാറിന് ഞായറാഴ്ച സ്കൂട്ടര്‍ യാത്രക്കിടയിലാണ് ഹൃദയാഘാതമുണ്ടായത്. സ്കൂട്ടര്‍ റോഡിന് വശത്തേക്ക് ഒതുക്കിയപ്പോഴേക്കും വേദന അസഹ്യമായി. ഇരിക്കാൻപോലും സാഹസപ്പെട്ട അദ്ദേഹത്തെ കണ്ട് ചുറ്റുംകൂടിയവര്‍ മദ്യ ലഹരിയിലാണെന്ന് സംശയിച്ച് പരിഹസിച്ചു.

Signature-ad

ഫറോക്ക് പൊലീസ് അസി. കമീഷണര്‍ ഓഫീസിലെ സീനിയര്‍ സിപിഒ ആയ ഹാജിറ കല്ലംപാറയില്‍ ഉമ്മ ആമിനക്കുട്ടിയുടെ വീട്ടില്‍നിന്നും ഉച്ചഭക്ഷണം കഴിച്ച്‌ മടങ്ങുന്നതിനിടയിലാണ് സംഭവം. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഹാജിറ പെട്ടെന്ന് തന്നെ ഒരു ഓട്ടോറിക്ഷ വിളിച്ച്‌ അടുത്തുള്ള ഷിഫാ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചു. പ്രാഥമിക ചികിത്സക്കുശേഷം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ശേഷം കൈയിലുണ്ടായിരുന്ന ആരോഗ്യ ഇൻഷുറൻസ് കാര്‍ഡില്‍നിന്ന് വിലാസം മനസ്സിലാക്കി ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.പരിശോധനയില്‍ ഹൃദയ വാല്‍വിലെ തടസ്സമാണ് പ്രശ്നമെന്ന് കണ്ടെത്തിയിരുന്നു.

കൃഷ്ണകുമാർ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള ഇദ്ദേഹം ഹാജിറയുടെ മനുഷ്യ സ്നേഹത്തിന് നന്ദിപറയുകയാണ്. ചുങ്കം കൊടികുത്തിപറമ്ബില്‍ ജമാല്‍ അബ്ദുള്‍ അര്‍സലാണ് ഹാജിറയുടെ ഭര്‍ത്താവ്.

Back to top button
error: