കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ ഓർമകൾക്ക് ഒക്ടോബർ ഒന്നിന് ഒരാണ്ട്. പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊളളുന്നിടത്ത് കോടിയേരിക്കായി സ്മൃതി മണ്ഡപം ഒരുങ്ങി. വാർഷിക ദിനത്തിൽ നേതാവിനെ അനുസ്മരിക്കാൻ സിപിഎം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഓർമകൾ അലയടിച്ച ഒരാണ്ട്. അനുഭവിച്ചറിയുന്ന അസാന്നിധ്യമാണ് ഇന്ന് കോടിയേരി. എരിഞ്ഞടങ്ങിയ പയ്യാമ്പലത്ത് ചെങ്കൊടിയും ചെന്താരകവും ചിരിക്കുന്ന മുഖവുമായി കോടിയേരിയുടെ സ്മൃതി മണ്ഡപം ഒരുങ്ങി. ചടയൻ ഗോവിന്ദൻറെയും നായനാരുടെയും കുടീരങ്ങൾക്ക് നടുവിലാണിത്. ശിൽപ്പി ഉണ്ണി കാനായിയാണ് കോടിയേരിയുടെ ശിൽപ്പം കൊത്തിയെടുത്തത്.
“ഒന്നര മാസം കൊണ്ടാണ് രൂപരേഖ തയ്യാറാക്കിയത്. എട്ടടി സമചതുരത്തിലുള്ള തറയിൽ പതിനൊന്നടി ഉയരത്തിലാണ് സ്തൂപം ഒരുക്കിയത്. സെറാമിക് ടൈൽ ചെറുതായി മുറിച്ചെടുത്തു. ഉപ്പ് കാറ്റിനെയും കടൽ വെള്ളത്തെയുമെല്ലാം അതിജീവിക്കുന്ന രീതിയിലാണ് സ്തൂപത്തിൻറെ നിർമാണം പൂർത്തിയാക്കിയത്”- ശിൽപ്പി ഉണ്ണി കാനായി പറഞ്ഞു. ഏത് പ്രതിസന്ധിയിലും ഉലയാതിരുന്ന കോടിയേരി ബാലകൃഷ്ണൻറെ ചിരി തന്നെയാണ് കരിങ്കല്ലിൽ കൊത്തിയെടുത്തത്- “കോടിയേരി സഖാവിനെപ്പോലെ ചിരിക്കുന്ന നേതാക്കളുടെ മുഖം അപൂർവ്വമാണ്. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സഖാവിൻറെ മുഖമാണ്. ചെറിയൊരു മാറ്റം വന്നാൽ പോലും ചർച്ചയാകും. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ശിൽപ്പം ചെയ്തിരിക്കുന്നത്”- ഉണ്ണി കാനായി വിശദീകരിച്ചു.
കോടിയേരി ബാലകൃഷ്ണൻറെ ഒന്നാം ചരമവാർഷികം സിപിഎം വിപുലമായി ആചരിക്കുന്നുണ്ട്. തലശ്ശേരിയിലും തളിപ്പറമ്പിലും അനുസ്മരണ സമ്മേളനങ്ങൾ നടത്താൻ സിപിഎം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും എത്തും. ഒരു മാസത്തോളം നീളുന്ന സെമിനാറുകൾക്ക് തുടക്കമാവും. ഒക്ടോബർ ഒന്നിന് രാവിലെയാണ് സ്തൂപം അനാച്ഛാദനം.