CrimeNEWS

രണ്ടായിരം കോടിയുടെ തട്ടിപ്പ് കേസ്: ബിജെപി നേതാവായ നടന്റെ സ്വത്ത് മരവിപ്പിക്കും

ചെന്നൈ: ആരുദ്ര തട്ടിപ്പ് കേസില്‍ പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത ബിജെപി നേതാവും നടനുമായ ആര്‍.കെ.സുരേഷിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പൊലീസ് നീക്കം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് വിഭാഗമാണ് ഇതു സംബന്ധിച്ച നിര്‍ദേശം അധികൃതര്‍ക്കു സമര്‍പ്പിച്ചത്.

സ്വത്തു മരവിപ്പിക്കാനുള്ള നീക്കത്തിനെതിരെ സുരേഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തമിഴ്നാട് നിക്ഷേപക സംരക്ഷണ നിയമത്തിനായുള്ള (ടിഎന്‍പിഐഡി) പ്രത്യേക കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

Signature-ad

ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 30,000 രൂപ വരെ പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിച്ചതിന് ആരുദ്ര ഗോള്‍ഡ് ട്രേഡിങ് കമ്പനിക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം പൊലീസ് കേസെടുത്തത്. ഒരു ലക്ഷത്തോളം പേരെ കബളിപ്പിച്ച് 2438 കോടി രൂപ തട്ടിയെടുത്തതിന് 40 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ബിജെപി നേതാവായ ഹരീഷ്, കമ്പനി ഡയറക്ടര്‍ ഭാസ്‌കര്‍, മോഹന്‍ബാബു, സെന്തില്‍ കുമാര്‍, നാഗരാജ്, അയ്യപ്പന്‍, റൂസോ എന്നിവരുള്‍പ്പെടെ 22 പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ നടന്‍ ആര്‍.കെ.സുരേഷ് 12 കോടി രൂപ കൈപ്പറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് ദുബായില്‍ ഒളിവില്‍ പോയ ആര്‍.കെ.സുരേഷിന് പലതവണ സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വത്ത് മരവിപ്പിക്കാന്‍ നടപടി ആരംഭിച്ചത്.

 

Back to top button
error: