KeralaNEWS

മെഡി. ഓഫീസറായി നിയമനം വാഗ്ദാനം ചെയ്ത് പണംതട്ടി; ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരേ പരാതി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവും സി.ഐ.ടി.യു. പത്തനംതിട്ട ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും പണം തട്ടിയെന്ന് പരാതി. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തില്‍ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയതെന്നാണ് ആരോപണം. താത്കാലിക നിയമനത്തിന് അഞ്ചുലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയതായും മലപ്പുറം സ്വദേശിയായ ഹരിദാസ് മാസ്റ്ററുടെ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്തുവെച്ച് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യവകുപ്പില്‍ അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടിയാണ് പണം നല്‍കിയതെന്നാണ് ഹരിദാസ് മാസ്റ്റര്‍ പറയുന്നത്.

Signature-ad

അതേസമയം, ആരോഗ്യവകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയങ്കിലും നടപടി ഉണ്ടായില്ലന്നാണ് ഹരിദാസിന്റെ ആരോപണം. എന്നാല്‍,
സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
താന്‍ ചെയ്യാത്ത കാര്യമാണ് തനിക്കു മേല്‍ ആരോപിക്കപ്പെട്ടതെന്ന് പഴ്‌സനല്‍ സ്റ്റാഫംഗം പറയുന്നതിനാല്‍, അതും ഒരു പരാതിയായി നല്‍കണമെന്ന് പഴ്‌സനല്‍ സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും ഇതില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് നടപടിയുണ്ടാകുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

 

 

 

Back to top button
error: