തിരുവനന്തപുരം: എല്ലാ സ്കൂള്‍ അധ്യാപകര്‍ക്കും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശിപാര്‍ശ. കെകെ ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടേതാണ് ശിപാര്‍ശ. എല്‍ പി, യുപി, ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം.
കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി നിര്‍ദേശിക്കുന്നത്. ഈ അധ്യയനവര്‍ഷം തന്നെ ഇംഗ്ലീഷ് അധ്യാപകര്‍ ഇല്ലാത്ത സ്കൂളുകളില്‍ തസ്തികനിര്‍ണയം നടത്തി നിയമനം നടത്തണം. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.
കംപ്യൂട്ടര്‍, ഐടി പഠനത്തിന് സെക്കന്‍ഡറി തലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു. നിലവില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു മാത്രമാണ് നിര്‍ബന്ധിത സ്ഥലംമാറ്റമുള്ളത്. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് മൂന്നുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റമുണ്ടാവും.