കൊച്ചി: സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടി എന്ന കേസില്‍ വ്ളോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളത്തിലാണ് ലുക്ക്-ഔട്ട് നോട്ടീസ്. വ്ളോഗറോട് ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്കി.
ഇയാള്‍ വിദേശത്തായതിനാല്‍ പരാതി ലഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് ഇയാടെ ചോദ്യംചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ സാധിച്ചിരുന്നില്ല. എത്രയും വേഗം സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോള്‍ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ഇയാള്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് തങ്ങളെ അറിയിക്കണമെന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ മുമ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അഭിമുഖവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
തന്നേയും സുഹൃത്തിനേയും മല്ലു ട്രാവലര്‍ ഫ്ലാറ്റിലേക് ക്ഷണിക്കുകയായിരുന്നു. ഫ്ലാറ്റിലെത്തിയ തന്നെ റൂമിലേക്ക് കൊണ്ടുപോയി. ഈ സമയം തന്റെ സുഹൃത്ത് റൂമിന് പുറത്ത് നില്‍ക്കുകയായിരുന്നു. റൂമില്‍വെച്ച് അയാള്‍ തന്റെ മാറിടത്തില്‍ പിടിച്ചു. കവിളില്‍ ഉമ്മ വെച്ചു. കിടക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു. കൂടാതെ അയാള്‍ അയാളുടെ സ്വകാര്യ ഭാഗം കൊണ്ട് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു. തനിക്ക് തലപ്പര്യമില്ലെന്ന് പറഞ്ഞ് താന്‍ റൂമില്‍ നിന്നും പുറത്തിറങ്ങുകയും വിവരം സുഹൃത്തിനെ അറിയിച്ച് അവിടെ നിന്നും ഇറങ്ങി പോയെന്നും യുവതി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാനെതിരേ കേസെടുത്തത്. എന്നാല്‍ തനിക്കെതിരേ ഉയരുന്നത് കള്ളപ്പരാതിയാണെന്ന് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.