തെളിമയുള്ള ബന്ധങ്ങൾ സൃഷ്ടിക്കൂ, കള്ള നാണയങ്ങളെ തിരസ്കരിക്കൂ
വെളിച്ചം
ആ എലി അതി ബുദ്ധിമാനായിരുന്നു. അവന് സിംഹത്തിന്റെ മടയില്‍ മാളമുണ്ടാക്കി. അതിലൊളിച്ചാല്‍ തന്നെ ആരും ആക്രമിക്കില്ലെന്ന് മനസ്സിലാക്കി അപ്രകാരം ചെയ്തു. രാത്രി സിംഹമുറങ്ങുമ്പോള്‍ എലി പുറത്തിറങ്ങും. അതു ശീലമായപ്പോള്‍ എലിക്ക് അഹങ്കാരമായി.
രാത്രി ഉറങ്ങുന്ന സിംഹത്തിന്റെ മുടി മുറിച്ചുകളയും. എത്ര ശ്രമിച്ചിട്ടും സിംഹത്തിന് ആ എലിയെ പിടിക്കാനായില്ല. ഒരു ദിവസം സിംഹം ഒരു പൂച്ചയെ തന്റെ മടയിലേക്ക് കൊണ്ടുവന്നു. വേട്ടയാടി വന്ന് ഭക്ഷണം പൂച്ചയ്ക്ക് കൊടുത്തു. ഒരു രാത്രി സിംഹം ഉറങ്ങിയ സമയത്ത് പുറത്ത് വന്ന എലിയെ പൂച്ച കൊന്നുതിന്നു.
ഉറക്കമുണർന്ന സിംഹത്തിന് ചത്ത എലിയുടെ ഗന്ധം മനസ്സിലായി. എലി ചത്തതുകൊണ്ട് ഇനി പൂച്ചയുടെ ആവശ്യമില്ലെന്ന് മനസ്സിലാക്കിയ സിംഹം ഒറ്റയടിക്ക് പൂച്ചയെ കൊന്നു.
ആവശ്യമുളളപ്പോഴെല്ലാം ആളുകള്‍ക്ക് വാത്സല്യവും ബഹുമാനവും ഉണ്ടാകും. ഉപയോഗം എന്നവസാനിക്കുന്നുവോ അന്ന് പുറത്തെറിയും. തങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ കൂടി നോക്കിയാണ് പലരും ബന്ധങ്ങള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ആളറിഞ്ഞും ഉദ്ദേശമറിഞ്ഞും മാത്രമേ ബന്ധങ്ങളിലേര്‍പ്പെടാവൂ. കൂടെ കൂടുന്നവരുടെ യഥാര്ത്ഥപ്രകൃതവും പെരുമാറ്റവും കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് തെളിമയുളള ബന്ധങ്ങള്‍ സൃഷ്ടിക്കാനാവുക. ബന്ധങ്ങള്‍ ബലമുള്ളതാകട്ടെ.
ഉല്ലാസഭരിതമായ ശുഭദിനം ആശംസിക്കുന്നു.
സൂര്യ നാരായണൻ
ചിത്രം- നിപു കുമാർ