ബോളിവുഡില്‍ ആഘോഷിക്കപ്പെട്ട സിങ്കം പോലുള്ള പൊലീസ് സിനിമകള്‍ ആളുകളെ തെറ്റുദ്ധരിപ്പിക്കുന്നു എന്ന് ബോംബെ ഹൈക്കോടതി ജഡ്ജി ഗൗതം പട്ടേല്‍. ഒറ്റയടിക്ക് നീതി നടപ്പാക്കുന്ന സിനിമയിലെ നായകന്മാര്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും അത് ജനങ്ങളില്‍ അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് പരിഷ്‌കരണ ദിനത്തില്‍ ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം:
‘സിനിമകളില്‍ ന്യായാധിപരെ ചിത്രീകരിക്കുന്നത് കട്ടിയുള്ള കണ്ണടകള്‍ വെച്ച് ഒരു അരസികനായിട്ടാണ്. കുറ്റലാളികളെ വെറുതെ വിടുന്ന കോടതി. തുടര്‍ന്ന് പൊലീസ് നായകന്‍ ഒറ്റയ്ക്ക് നീതി നടപ്പാക്കുന്നു. ജനങ്ങള്‍ അത് ആഘോഷിക്കുന്നു.’
ജസ്റ്റീസ് ഗൗതം പട്ടേല്‍ ചൂണ്ടിക്കാട്ടി.
‘അജയ് ദേവ്ഗണ്‍ നായകനായ സിങ്കം സിനിമയുടെ ക്ലൈമാക്‌സില്‍ സീനില്‍ പ്രതിനായകനായ പ്രകാശ് രാജ് ചെയ്യുന്ന രാഷ്ട്രീയക്കാരന്റെ കഥാപാത്രത്തെ പൊലീസ് സേന എതിര്‍ക്കുന്ന രംഗമുണ്ട്. പൊലീസ് നീതി നടപ്പാക്കിയെന്ന് സിനിമ സ്ഥാപിക്കുന്നു. എന്നാല്‍ ഞാന്‍ ചോദിക്കട്ടെ യഥാര്‍ഥത്തില്‍ നീതി നടപ്പായോ
അത് എത്ര ഭീകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് നമ്മള്‍ മനസിലാക്കണം. എന്തിനാണ് ഇത്രയും അസഹിഷ്ണുത കാണിക്കുന്നത്. നിയമത്തിന് മുന്നില്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് കണ്ടെത്തുന്നതിന് ഒരു പ്രക്രിയയുണ്ട്. അത് കാലതാമസം എടുക്കുന്നതാണ്. അത് അങ്ങനെ തന്നെയാവണം’
അദ്ദേഹം പറഞ്ഞു.
‘കുറുക്കുവഴിയെ ആശ്രയിക്കുക എന്നാല്‍ നിയമവാഴ്ചയെ അട്ടിമറിക്കുക എന്നാണ്. അഴിമതിക്കാര്‍, ഉത്തരവാദിത്വം ഇല്ലാത്തവര്‍ എന്നിങ്ങനെയാണ് ജനങ്ങള്‍ക്കിടയിലെ പൊലീസിന്റെ പ്രതിഛായ. കോടതികള്‍ അവരുടെ ജോലി ചെയ്യുന്നില്ലെന്ന് ജനം ചിന്തിച്ചാല്‍ പൊലീസ് നടപ്പാക്കുന്ന ഇത്തരം കാര്യങ്ങള്‍ ആഘോഷിക്കപ്പെടും. അതുകൊണ്ടാണ് ഹൈദരാബാദില്‍ പീഡനക്കേസില്‍ പിടിയിലായ പ്രതികളെ എന്‍കൗണ്ടറിലൂടെ വെടിവെച്ചു കൊന്നപ്പോള്‍ അതാണ് ശരിയെന്ന് ജനം വിലയിരുത്തിയത്. നീതി നടപ്പായെന്നാണ് അവരുടെ വിചാരം യഥാര്‍ഥത്തില്‍ അങ്ങനെയാണോ…’ അദ്ദേഹം ചോദിച്ചു.
2010ല്‍ നടന്‍ സൂര്യ നായകനായ തമിഴ് ചിത്രത്തിന്റെ റീമേക്കാണ് രോഹിത് ഷെട്ടി അജയ് ദേവഗണിനെ നായകനായി സംവിധാനം ചെയ്ത സിങ്കം. 2011ലാണ് ചിത്രം റിലീസ് ചെയ്തത്.