ആലപ്പുഴ: മകന്റെ ബിജെപി പ്രവേശനം ആന്റണിക്കറിയാമായിരുന്നുവെന്നും കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന് കണ്ടാണ് ബിജെപിയിലേക്ക് പോയതെന്നും എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത്.
ആലപ്പുഴയിലെ കൃപാസനം പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ എലിസബത്ത് ആന്റണി നടത്തിയ സാക്ഷ്യം പറയലിലാണ് സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ ചര്‍ച്ചയാകുന്നത്. 39 കാരനായ അനില്‍ ആന്റണി സജീവരാഷ്ട്രീയത്തിലേക്ക് വരാന്‍ ഒരുപാട് ആഗ്രഹിച്ചു. പക്ഷേ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നതോടെ ആശങ്കയായി. ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിരിക്കുമ്ബോഴാണ് പിഎം ഓഫീസില്‍ നിന്നും ബിജെപിയിലേക്കുള്ള വിളി വന്നതെന്നും എലിസബത്ത് പറയുന്നു.
ആന്റണിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാനും രാഷ്ട്രീയത്തില്‍ സജീവമായി തന്നെ നില്‍ക്കാനും പ്രാര്‍ത്ഥിച്ചിരുന്നതായും അതിന്റെ ഫലമായാണ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയതെന്നും എലിസബത്ത് വിശ്വസിക്കുന്നു. ഉടമ്ബടികളെടുത്ത് പ്രാര്‍ഥിച്ചശേഷം ഫലമുണ്ടായാല്‍ സാക്ഷ്യം പറയണമെന്ന രീതി പിന്തുടര്ന്നാണ് കൃപാസനത്തില്‍ എലിസബത്ത് സംസാരിച്ചത്.
പ്രാര്‍ത്ഥനയ്കക്കിടെ അനുഭവസാക്ഷ്യം പങ്കുവെക്കുന്ന എലിസബത്തിന്റെ വീഡിയോ കൃപാസനം അധികൃതരാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടത്.
2022 ല്‍ കോവിഡ് രോഗശാന്തിക്കു വേണ്ടിയാണ് ആദ്യമായി ഉടമ്ബടിയെടുത്തതെന്നും ഗുരുതരമായിരുന്ന രോഗം ഭേദമായെന്നും വീഡിയോയില്‍ പറയുന്നു. മകന്റെ രാഷ്ട്രീയ പ്രവേശനത്തിലുള്ള തടസ്സം മാറ്റാനാണ് രണ്ടാമതും നിയോഗം വെച്ചത്. രാഷ്ട്രീയ പ്രവേശനം അനില്‍ ആന്റണിയുടെ വലിയ സ്വപ്നമായിരുന്നു. പഠിച്ച് നല്ല ജോലി ലഭിച്ചിരുന്നതാണ്. പക്ഷേ താത്പര്യം രാഷ്ട്രീയത്തിലായിരുന്നു.
മകന്റെ ഏറ്റവും വലിയ സ്വപ്നമാണ് രാഷ്ട്രീയത്തിലേക്ക് എത്തുക എന്നത്. മകന് 39 വയസ്സായി. ഇത്രയും വിദ്യാഭ്യാസവും എല്ലാമുള്ള മകന് അവന്റെ ആഗ്രഹം സാധിക്കുന്നില്ല. അമ്മയോട് കരഞ്ഞു പറഞ്ഞു. അപ്പോഴാണ് ബിജെപിയില്‍ ചേരാൻ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ച് ആവശ്യപ്പെടുന്നത് – എലിസബത്ത് പറഞ്ഞു.