കൊച്ചി: കേരളത്തില്‍ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍. 2017 ജൂണിലാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണില്‍ മാത്രം 59,894 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. എന്നാല്‍, അതേവര്‍ഷം ആഗസ്റ്റ് മാസം അത് 32,603 ആയി കുറയുകയാണ് ചെയ്തത്. അതേവര്‍ഷം ഡിസംബറില്‍ വീണ്ടും എണ്ണം 52,254 ആയി ഉയര്‍ന്നു.
തൊട്ടടുത്ത വര്‍ഷമായ 2018ല്‍ യാത്രക്കാരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് മുകളില്‍ കടന്നിട്ടില്ല. പിന്നീട് കണക്കുകളില്‍ മുന്നേറ്റം കണ്ടത് 2019 ഒക്ടോബറിനും ഡിസംബറിനുമിടയിലാണ്. ഇക്കാലത്ത് അറുപതിനായിരത്തിലധികം പേര് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തതായി കണക്കുകള്‍ പറയുന്നു.
കൊച്ചി മെട്രോയ്ക്ക് എറ്റവും വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു കോവിഡ് കാലം. 2021 മെയ് മാസം യാത്രക്കാരുടെ ആകേ എണ്ണം വെറും 5300 മാത്രമായിരുന്നു. 2021 ജൂലൈയില്‍ അത് 12,000 ലേക്ക് നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. പിന്നീട് കെഎംആര്‍എല്‍ വിവിധ പ്രചരണ പരിപാടികള്‍ നടത്തിയും വിവിധ ഓഫറുകള്‍ നല്‍കിയും മെട്രോയിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ തുടങ്ങി. 2022 സെപ്തംബറിനും നവംബറിനും ഇടയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 75,000 കടന്നു. 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും പിന്നീട് സ്ഥരിതയോടെ ഉയര്‍ന്ന് ഒരുലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തുകയുമായിരുന്നു.
അതേസമയം, കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ്, ഫെയര്‍ ബോക്സ് വരുമാനം ഉയരുന്നതിനും സഹായമായി മാറി. 2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയര്‍ ബോക്സ് വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 75.49 കോടി രൂപയിലേക്കാണ് ഉയര്‍ന്നത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 485 ശതമാനം വര്‍ദ്ധനവാണ്. കൂടാതെ നോണ്‍ ഫെയര്‍ ബോക്സ് വരുമാനത്തിനും മികച്ച വളര്‍ച്ചയുണ്ടായി. നോണ്‍ ഫെയര്‍ ബോക്സ് വരുമാനം 2020-21 വര്‍ഷത്തില്‍ 41.42 കോടി രൂപയില്‍നിന്ന് 2022-23 വര്‍ഷത്തില്‍ 58.55 കോടി രൂപയായി ഉയര്‍ന്നു.
അതേസമയം, 2022-23 വര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 2020-21 വര്‍ഷത്തേക്കാള്‍ ഏകദേശം 15 ശതമാനം വര്‍ദ്ധനവ് മാത്രമാണ് പ്രവര്‍ത്തന ചെലവില്‍ കെഎംആര്‍എല്ലിന് ലഭിച്ചത്. വിദ്യാര്‍ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്കീമുകള്‍ ഏര്‍പ്പെടുത്തിയതും സെല്‍ഫ് ടിക്കറ്റിംഗ് മഷീനുകള്‍ സ്ഥാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.
പ്രവര്‍ത്തനമാരംഭിച്ച് കുറഞ്ഞ കാലയളവില്‍ ഒപ്പേറഷണല്‍ പ്രോഫിറ്റ് എന്ന ഈ നേട്ടം കെഎംആര്‍എല്ലിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമാണെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഡിസംബര്‍, ജനുവരി മാസത്തില്‍ തൃപ്പൂണിത്തുറ സ്റ്റേഷന് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വരുമാനത്തിലും കൂടുതല്‍ പുരോഗതി ഉണ്ടാവുമെന്നാണ് കെഎംആര്‍എല്‍ വിലയിരുത്തല്‍.