കോട്ടയം:സൗദി അറേബ്യയിലിരുന്ന് സുഹൃത്തിന്റെ സഹായത്തോടെ എടുത്ത ഓണം ബംപറിന് രണ്ടാം സമ്മാനം.എരുമേലി പട്ടിമറ്റം എട്ടുപങ്കില്‍ ഇ.ആര്.നവാസിനാണ് ഓണം ബംപര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
ഒരാഴ്ച മുൻപ് സൗദിയില്‍നിന്നു നവാസ് ഫോണ്‍ വിളിച്ച് സുഹൃത്തായ പട്ടിമറ്റത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുഹമ്മദ് നസീമിനോട് തനിക്കുവേണ്ടി ഒരു ഓണം ബംപര്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇയാള്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ന്യൂലക്കി സെന്ററിലെ സിദ്ദിഖിന്റെ പക്കല്‍നിന്ന് ലോട്ടറിയെടുത്ത് നവാസിന്റെ വീട്ടില്‍ ഏല്‍പ്പിക്കുകയും ചെയ്തു.നസീം തന്നെയാണ് സമ്മാനം അടിച്ച വിവരം നവാസിനോട് വിളിച്ചു പറഞ്ഞതും.
ആകെ അഞ്ച് സെന്റ് ഭൂമിയും പണിതീരാത്ത വീടുമാണ് നവാസിനുള്ളത്.ഭാര്യ താഹിറയും മക്കളായ ഷിനാസും ബിസ്മിയും അടങ്ങുന്ന കുടുംബം പോറ്റാനായി കഷ്ടപ്പെടുന്ന നവാസ് ചെറിയ കമ്ബനി ജോലിയില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്.