ബംഗളൂരുവിനെതിരേ ഇന്നലെ ഇറങ്ങിയ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡിഫെൻസീവ് മിഡ്ഫീല്‍ഡര്‍ ജീക്സണ്‍ സിംഗ്, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ അഡ്രിയാൻ ലൂണ, മിഡ്ഫീല്‍ഡര്‍ ഡാനിഷ് ഫറൂഖ് ബട്ട് എന്നിവര്‍ മാത്രമാണ് കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് നിരയില്‍നിന്നുണ്ടായിരുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഗ്രീക്ക് സൂപ്പര്‍ ഫോര്‍വേഡ് ദിമിത്രിയോസ് ഡയമന്‍റകോസിന്‍റെ അഭാവത്തില്‍ ഘാന സെന്‍റര്‍ സ്ട്രൈക്കര്‍ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണം നയിച്ചത്. പെപ്രയ്ക്ക് ഒപ്പം കൂടിയത് ജാപ്പനീസ് ഇറക്കുമതിയായ ഡൈസുകെ സകായ്.
മലയാളി യുവ മിഡ്ഫീല്‍ഡ് താരം മുഹമ്മദ് ഐമനും ഗോള്‍ കീപ്പര്‍ സച്ചിൻ സുരേഷും ഐഎസ്‌എല്‍ അരങ്ങേറ്റം നടത്തി. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായിരുന്ന വിംഗ് ബാക്ക് ജെസെല്‍ കാര്‍ണെയ്റൊ ബംഗളൂരുവിനൊപ്പം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം.
ബെംഗളൂരു എഫ് സിക്ക് എതിരെ കളം നിറഞ്ഞു കളിക്കാൻ ലക്ഷദ്വീപ് സ്വദേശിയായ അയ്മന് സാധിച്ചു. ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് അയ്മൻ. അയ്മന്റെ സഹോദരൻ അസ്ഹറും ബ്ലാസ്റ്റേഴ്സ് സ്ക്വാഡില്‍ ഉണ്ടായിരുന്നു.
എഐഎഫ്‌എഫ് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഇവാൻ വുകോമനോവിച്ചിന് ഇത്തവണ ടീമിനൊപ്പം സ്റ്റേഡിയത്തില്‍ പ്രവേശിക്കാൻ സാധിച്ചില്ല.ഇനി നാലു മത്സരങ്ങളില്‍കൂടി ഇവാന് വിലക്ക് ശേഷിക്കുന്നുണ്ട്. ഇവാൻ വുകോമനോവിച്ചിന്‍റെ അഭാവത്തില്‍ അസിസ്റ്റന്‍റ് കോച്ച് ഫ്രാങ്ക് ഡൗവെനാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ബംഗളൂരു എഫ്സിക്ക് എതിരേ ഡഗ്ഗൗട്ടില്‍ എത്തിയത്. ഒക്‌ടോബര്‍ 27ന് കൊച്ചിയില്‍ അരങ്ങേറുന്ന ഒഡീഷ എഫ്സിക്ക് എതിരായ മത്സരത്തിൽ മാത്രമേ ഇവാൻ വുകോമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരാൻ സാധിക്കൂ.
അതേസമയം ഗാലറിയിൽ ആര്‍ത്തലച്ച പതിനായിരങ്ങള്‍ പകര്‍ന്നു നല്‍കിയ ആവേശം കാലുകളിലാവാഹിച്ച് നിറഞ്ഞാടിയ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബംഗളൂരു എഫ്.സിയുടെ കണക്ക് തീര്‍ത്ത് ഐ.എസ്.എല്‍ പത്താം സീസണിന്റെ ആരംഭം ഗംഭീരമാക്കിയത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയായ ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അഡ്രിയാൻ ലൂണയുടെ ഇന്റലിജന്റ് ഗോളും ബംഗളൂരു താരം കെസിയാന്റെ സെല്‍ഫ് ഗോളുമാണ് ബ്ലാസ്റ്റേഴ്സിന് വിജയമൊരുക്കിയത്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫില്‍ സുനില്‍ ഛെത്രി നേടിയ വിവാദഗോളില്‍ തങ്ങളുടെ ഫൈനൽ സ്വപ്നങ്ങള്‍ തച്ചുടച്ച ബംഗളൂരുവിനോടുള്ള പ്രതികാരം തീര്‍ക്കല്‍ കൂടിയായി ബ്ലാസ്റ്റേഴ്സിന് ഈ ജയം.
പരിക്കുള്ളതിനാൽ സൂപ്പർ താരം ഡയമന്റക്കോസില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെയിറങ്ങിയത്. ബംഗളൂരുവിനെതിരായ കഴിഞ്ഞ പ്ലേഓഫ് സംഭവങ്ങളെ തുടര്‍ന്ന് വിലക്ക് നേരിടുന്ന കോച്ച് ഇവാൻ വുകോമനോവിച്ചിനൊപ്പം ഗാലറിയിലായിരുന്നു താരം.
പരമ്ബരാഗതമായ 4-4-2 ശൈലിയില്‍ ക്യാപ്ടൻ അഡ്രിയാൻ ലൂണയും ഘാന താരം ക്വാമെ പെപ്രായും മുന്നേറ്റത്തില്‍ അണിനിരന്നപ്പോള്‍ മദ്ധ്യനിരയില്‍ ലക്ഷദ്വീപ് താരം മൊഹമ്മദ് അയ്മൻ,ജീക്സണ്‍ സിംഗ്, ഡാനിഷ് ഫറൂഖി, ഡയിസുകെ സഖായി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. പ്രബീര്‍ദാസ്, പ്രീതം കോട്ടാല്‍, മിലോസ് ഡ്രിൻകിക്ക്, ഡോഹ്ലിംഗ് എന്നിവർ പ്രതിരോധ നിരയിൽ കോട്ട കെട്ടിയപ്പോൾ മലയാളി താരം സച്ചിൻ സുരേഷാണ് ഗോള്‍ വലകാത്തത്.
പുതിയ മുഖങ്ങളാല്‍ ഏറ്റവും ശ്രദ്ധേയമായത് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധമായിരുന്നു. സ്റ്റാര്‍ട്ടിംഗ് ഇലവനിലെ നാലു പേരും ഈ വേനല്‍ക്കാല ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയില്‍ എത്തിയവരാണ്.
34-ാം മിനിട്ടില്‍ വലതുവിംഗില്‍ നിന്ന് റോഷൻസിംഗ് തൊടുത്ത ലോംഗ് ബാള്‍ ബ്ലാസ്റ്റേഴ്സ് വല ലക്ഷ്യമാക്കി പറന്നെത്തിയെങ്കിലും ഗോള്‍ കീപ്പര്‍ സച്ചിൻ വായുവിലുയര്‍ന്ന് അതിമനോഹരമായി ക്രോസ്ബാറിന് മുകളിലൂടെ കുത്തിയകറ്റി കാണികളുടെ കയ്യടി നേടി.
അതേസമയം ഐഎസ്‌എൽ 10–-ാംപതിപ്പും കളിയാരാധകര്‍ ആഘോഷമാക്കി.രാത്രി എട്ടോടെ കളി തുടങ്ങിയതും ആര്‍ത്തിരമ്ബി മഴയെത്തിയെങ്കിലും ആവേശം പരകോടിയിലായിരുന്നു.
പുതിയ സീസണില്‍ വലിയ പ്രതീക്ഷയോടെ ഒഴുകിയെത്തിയ കാണികള്‍ മെക്സിക്കൻ തിരമാലകള്‍ തീര്‍ത്ത് അക്ഷരാർത്ഥത്തിൽ ഗാലറിയെ മഞ്ഞകടലാക്കി മാറ്റി, മത്സരത്തിന്റെ ടിക്കറ്റുകള്‍ ബുധനാഴ്ചയേ വിറ്റു തീര്‍ന്നിരുന്നു.