കോഴിക്കോട്: താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ച കേസിൽ വിചാരണ വേളയിൽ കൂറുമാറിയ വനം വകുപ്പ് ഉദ്യോസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കേസിന്റെ വിചാരണ വേളയിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ.കെ.രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബി.കെ പ്രവീൺകുമാർ, വി.പി സുരേന്ദ്രൻ, എം. സുബ്രഹ്മണ്യൻ എന്നിവർ നിർണ്ണായക സാക്ഷികളായിരുന്നു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ട കേസിൽ ജീവനക്കാർ കൂറുമാറി മൊഴി നൽകിയതാണ് പ്രതികളെ വെറുതെ വിടാനുണ്ടായ കാരണമെന്ന് മനസിലാക്കുന്നെന്ന് മന്ത്രി പറഞ്ഞു.
കൂറുമാറിയ സാക്ഷികളിൽ രണ്ട് പേർ ഇപ്പോഴും വനം വകുപ്പിലെ ജീവനക്കാരും മറ്റ് രണ്ട് പേർ സർവ്വീസിൽ നിന്നും വിരമിച്ചവരുമാണ്. വകുപ്പിലെ തന്നെ ജീവനക്കാർ കൂറുമാറി മൊഴി നൽകിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ഇവർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്. വിരമിച്ച ജീവനക്കാരുടെ മേൽ സർവ്വീസ് ചട്ടങ്ങൾ പ്രകാരം എന്ത് നടപടി സ്വീകരിക്കണമെന്ന് വകുപ്പു മേധാവിയുമായും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായും കൂടിയാലോചിച്ച് തീരുമാനിക്കും. കേസിൽ വിധി പരിശോധിച്ച് പുനർ വിചാരണയുടെ സാധ്യത ഉൾപ്പെടെ സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
2013ലെ കസ്തൂരിരംഗൻ റിപ്പോർട്ടിന് പിന്നാലെ ഒരു വിഭാഗം ആളുകൾ, സമരത്തിന്റെ മറവിലാണ് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ചത്. ഓഫീസ് ആക്രമിക്കുകയും വാഹനങ്ങളും ഓഫീസ് രേഖകളും ഉൾപ്പെടെ അഗ്നിക്കിരയാക്കുകയും ചെയ്തു. 80 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് വകുപ്പിന് ഉണ്ടായത്. 35 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്.