തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് വധുവിൻറെ അച്ഛനെ കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. വടശ്ശേരിക്കോണം സ്വദേശികളായ ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാർ എന്നിവരാണ് പ്രതികൾ.
കൊല്ലപ്പെട്ട രാജുവിൻറെ വീട്ടിൽ പ്രതികൾ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചന, സ്ത്രീകളെ അതിക്രമിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കൊല്ലാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ 66 സാക്ഷികളാണുള്ളത്.
കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിനായി ജിഷ്ണു സമീപിച്ചെങ്കിലും കുടുംബ പശ്ചാത്തലം മോശമായതിനെ തുടർന്ന് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹവീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രശ്നമുണ്ടാക്കി രാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുൻ സുഹൃത്ത് ജിഷ്ണു ഉൾപ്പെടെയുള്ള നാല് പേരാണ് പൊലീസ് പിടിയിലായത്. ശ്രീലക്ഷ്മിയുടെ വിവാഹം പിന്നീട് ജൂലൈ 14നാണ് നടന്നത്. ശിവഗിരി അമ്പലത്തിൽ വെച്ച് നടന്ന വിവാഹത്തിൽ കുടുംബം മാത്രമാണ് പങ്കെടുത്തത്.