CrimeNEWS

കുടകില്‍ കാര്‍ഷിക ജോലികള്‍ക്കായി പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കൽപ്പറ്റ: കുടകിൽ കാർഷിക ജോലികൾക്കായി പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ബാവലി ഷാണമംഗലം കോളനിയിലെ മാധവന്റെയും സുധയുടേയും മകൻ പുത്തൻവീട്ടിൽ ബിനീഷ് (33) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ബിനീഷ് വയനാട്ടിൽ നിന്ന് കുടകിലെ ബിരുണാണിയിൽ പണിക്ക് പോയത്. എന്നാൽ ഇന്നലെ വൈകിട്ട് തൊഴിലിടത്തിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി തങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് ബിനീഷിന്റെ ബന്ധുക്കൾ പറഞ്ഞു.

ബിനീഷ് തൊഴിലിടത്തിനടുത്തുള്ള താമസ സ്ഥലത്ത് നിന്ന് രാവിലെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി പുറത്തുപോകുകയാണെന്ന് കൂടെയുള്ളവരോട് പറഞ്ഞാണ് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹം തിരികെ വരാതിരുന്നതോടെ കൂട്ടുകാർ തൊഴിലുടമയെ വിവരമറിയിക്കുകയായിരുന്നു. ഇവരോട് ജോലിക്ക് പോകാൻ പറഞ്ഞ തൊഴിലുടമ ബിനീഷിനെ ടൗണിലടക്കം അന്വേക്ഷിച്ചിരുന്നതായി പറയുന്നു. പിന്നീട് സന്ധ്യയോടെ ബിനീഷും കൂട്ടുകാരും താമസിക്കുന്ന ഇടത്തിന് തൊട്ടുമാറിയുള്ള പറമ്പിൽ ജോലിക്കെത്തിയവർ യുവാവ് തോട്ടിൽ വീണുകിടക്കുന്നുണ്ടെന്ന വിവരം കൂട്ടുകാരെ അറിയിക്കുകയായിരുന്നു.

Signature-ad

കൂട്ടുകാർ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടയിലെ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം കൊണ്ടുവരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇൻക്വസ്റ്റ് നടത്തിയ ശ്രീമംഗലം പൊലീസ് ഗോണികുപ്പയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് ബിനീഷിന്റെ സഹോദരൻ പറഞ്ഞു. തങ്ങൾ ശ്രീമംഗലം സ്റ്റേഷനിലെത്തിയപ്പോൾ സംഭവത്തിൽ ദുരൂഹതയുള്ളതായി തോന്നിയെന്നും ഇദ്ദേഹം ആരോപിച്ചു. ബിനീഷിന്റെ മരണത്തിൽ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മൃതദേഹത്തിൽ മുഖത്തടക്കം പരിക്കേറ്റ പാടുകളുണ്ട്. മനോജ്, ചന്ദ്രൻ, നീതു, നിഷ എന്നിവരാണ് ബിനീഷിന്റെ സഹോദരങ്ങൾ.

Back to top button
error: