CrimeNEWS

ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജയിലിലായിരുന്ന അച്ഛനും ഒളിവില്‍പോയ മകനും അറസ്റ്റില്‍

ആലപ്പുഴ: ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 21 പേരില്‍നിന്നായി രണ്ട് കോടി രൂപയിലധികം തട്ടിയെടുത്ത കേസില്‍ അച്ഛനെയും മകനെയും അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വെങ്ങോല മുതിരമാലി എ.ആര്‍. രാജേഷ് (50), മകന്‍ അക്ഷയ് രാജേഷ് (23) എന്നിവരെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്.

ഹൈക്കോടതി നിര്‍ദേശാനുസരണം മറ്റൊരു കേസില്‍ ചോറ്റാനിക്കര കോടതിയില്‍ ജാമ്യം എടുക്കാനെത്തിയ രാജേഷ് ജോലിത്തട്ടിപ്പ് കേസില്‍ പോലീസ് പിന്നാലെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ജാമ്യം നേടിയില്ല. ഇതേത്തുടര്‍ന്ന് ആദ്യ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കാക്കനാട് ജയിലിലാക്കി. തുടര്‍ന്ന് ചോറ്റാനിക്കര, ചേര്‍ത്തല കോടതികളുടെ പ്രത്യേക അനുമതിയോടെ ബുധനാഴ്ച ജോലി ത്തട്ടിപ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജയിലില്‍ കഴിഞ്ഞ രാജേഷിനെ കാണാനെത്തിയവരെ നിരീക്ഷിച്ചാണ് അക്ഷയ് രാജേഷിനെ ആലുവയില്‍ നിന്നു പിടിച്ചത്.

Signature-ad

അരൂര്‍ മുക്കത്ത് വാടകയ്ക്കെടുത്ത വീട്ടില്‍ ഇവര്‍ ഹാജിയാന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ റിക്രൂട്ടിങ് ഏജന്‍സി നടത്തി വരുകയായിരുന്നു. പ്രശസ്ത സ്ഥാപനങ്ങളില്‍ മാസം രണ്ടര ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ലഭ്യമാക്കുമെന്നും പത്ത് ദിവസത്തിനുള്ളില്‍ ജോബ് വിസ ശരിയാകുമെന്നും കാട്ടി സാമൂഹിക മാധ്യമങ്ങളിലാണ് ഇവര്‍ പരസ്യം നല്‍കിയത്. ഇതില്‍ വിശ്വസിച്ച് പണം കൈമാറിയ കേരളത്തില്‍നിന്നുള്ള 21 പേരും െബംഗളൂരുവിലുള്ള ഒരാളുമാണ് പരാതിപ്പെട്ടത്.

മുന്‍പും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ള ഇവരുടെ കെണിയില്‍ ഇത്തവണ നാല്പതിലധികം ആളുകള്‍ പെട്ടതായാണ് വിവരം. നിലവില്‍ ഏഴ് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിനു പുറമെ തമിഴ്‌നാട്, പഞ്ചാബ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഏഴ് ലക്ഷം രൂപ വരെയാണ് ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും വാങ്ങിയത്. നെടുമ്പാശ്ശേരിയില്‍ സേഫ് ഗാര്‍ഡ് എന്ന സ്ഥാപനം നടത്തിയും പ്രതികള്‍ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ട്.

പ്രതികളുടെ പേരില്‍ ചെറുതുരുത്തി, ചോറ്റാനിക്കര, കളമശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ചേര്‍ത്തല ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിച്ചത്.

 

Back to top button
error: