IndiaNEWS

‘ആദ്യരാത്രി’ കഴിഞ്ഞു; ലാന്‍ഡറും റോവറും ഉണരുമോ? ഇന്ന് നിര്‍ണായം

ബംഗളുരു: ചന്ദ്രനില്‍ ആദ്യരാത്രിയിലെ ഉറക്കത്തിന് ശേഷം ലാന്‍ഡറും റോവറും ഉണരുമോ എന്ന് ഇന്നറിയാം. ഇന്നലെ അവിടെ സൂര്യനുദിച്ചെങ്കിലും പകലിന് ചൂടും വെളിച്ചവും കൂടാന്‍ കാത്തിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍. വെളിച്ചമുണ്ടെങ്കിലേ റോവറിലേയും ലാന്‍ഡറിലേയും സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കൂ.

സൗരോര്‍ജ്ജത്തിലാണ് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുക. ഇതിന് ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ ചന്ദ്രപ്രതലത്തില്‍ നിന്നുള്ള ചരിവ് (എലവേഷന്‍ ആംഗിള്‍) 6 ഡിഗ്രി മുതല്‍ 9 ഡിഗ്രി വരെയാണ്. എന്നാല്‍ താപനില നിശ്ചിത പരിധിക്ക് മുകളില്‍ ഉയരണം. അതിനായി കാത്തിരിക്കയാണ്.ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ലാന്‍ഡറിനേയും റോവറിനേയും ഉണര്‍ത്താനുള്ള കമാന്‍ഡ് നല്‍കും. ചന്ദ്രനില്‍ രാത്രി തുടങ്ങിയതോടെ സെപ്തംബര്‍ 2നാണ് ലാന്‍ഡറിനേയും റോവറിനേയും സ്‌ളീപ്പ് മോഡിലാക്കിയത്.

Signature-ad

ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍, രാത്രിയും അത്രയും നീളും. ചന്ദ്രയാന്‍ 3 ഇറങ്ങിയ ദക്ഷിണധ്രുവത്തില്‍ പകല്‍ദൈര്‍ഘ്യം രണ്ടുനാള്‍ കുറയും. തണുപ്പ് കൂടുതലുമായിരിക്കും. മൈനസ് 200 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള ഈ തണുപ്പിനെ ലാന്‍ഡിലേയും റോവറിലേയും ഉപകരണങ്ങള്‍ അതിജീവിക്കുമോ എന്ന് സംശയമുണ്ട്.

അതേസമയം, സ്‌ളീപ്പ് മോഡിലേക്ക് മാറ്റും മുമ്പ് ലാന്‍ഡറിനെ ഓഫ് ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്തിരുന്നു. ചന്ദ്രോപരിതലത്തില്‍ നിന്ന് ഉയര്‍ത്തി വീണ്ടും സോഫ്റ്റ് ലാന്‍ഡും ചെയ്യിച്ചു. 16 ഇഞ്ച് അകലെയാണ് വീണ്ടും ഇറങ്ങിയത്. ഇതാണ് വീണ്ടും ഉണര്‍ത്താമെന്ന പ്രതീക്ഷ നല്‍കുന്നത്. ഉണര്‍ത്തിയാല്‍ ബോണസാവും. രണ്ടാഴ്ചയായിരുന്നു പ്രവര്‍ത്തന കാലാവധി. വീണ്ടും പ്രവര്‍ത്തിച്ചാല്‍ ഇതുവരെ കിട്ടിയ വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോഴുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കാനും പുതിയ വിവരങ്ങള്‍ ലഭ്യമാക്കാനും കഴിയും. കിട്ടിയ ഡാറ്റാ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താന്‍ മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളുമെടുക്കും. ഉണര്‍ന്നില്ലെങ്കില്‍ ലാന്‍ഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇന്ത്യന്‍ സാന്നിധ്യമായി എന്നന്നേക്കുമായി തുടരും.

 

 

 

 

Back to top button
error: