KeralaNEWS

മന്ത്രിസ്ഥാന അവകാശവാദത്തില്‍ ചര്‍ച്ച? എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് യോഗം ഇന്ന്. ഉപതെരഞ്ഞെടുപ്പ് ഫലം യോഗത്തില്‍ വിലയിരുത്തും. നാളത്തെ രാജ്ഭവന്‍ മാര്‍ച്ചും യോഗത്തിന്റെ അജണ്ടയിലുണ്ട്. അതേസമയം, മന്ത്രിസഭ പുനസംഘടന ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

നേരത്തെ ഉള്ള ധാരണ പ്രകാരം എല്‍ഡിഎഫില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകും. നവംബര്‍ 20ന് മന്ത്രിസഭയുടെ രണ്ടര വര്‍ഷം പൂര്‍ത്തിയാകും. മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാര്‍ മാറി വരുമെന്നതില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

എന്നാല്‍, ഔദ്യോഗികമായി മന്ത്രിസഭ പുനസംഘടന ചര്‍ച്ച അജണ്ടയില്‍ ഇല്ലെങ്കിലും മന്ത്രി സ്ഥാനം അവകാശപ്പെട്ട് എല്‍ജെഡിയും കോവൂര്‍ കുഞ്ഞു മോനും രംഗത്തെത്തിയിരിക്കുന്നത് മുന്നണിക്ക് മുന്നിലുണ്ട്. മുന്നണിയിലെ 11 സ്ഥിരാംഗങ്ങളില്‍ പത്ത് കക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്, എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ആവശ്യം അംഗീകരിച്ചാല്‍ ഏക അംഗം കെ.പി മോഹനന്‍ മന്ത്രിയാകും.

അതിനിടെ, മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ തര്‍ക്കം മുറുകുകയാണ്. മന്ത്രി സ്ഥാനമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് എംഎല്‍എയുടെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്തെത്തി. രണ്ടര വര്‍ഷം കരാര്‍ ഉറപ്പിച്ചിരുന്നെങ്കിലും എന്‍സിപിയില്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ സന്നദ്ധനല്ല.

മന്ത്രിയാകാന്‍ ആര്‍ക്കും ആഗ്രഹിക്കാം. പക്ഷേ അത് പറയേണ്ടത് എവിടെ എന്ന് ആലോചിക്കണം. മാധ്യമങ്ങളെക്കാള്‍ നല്ലത് പാര്‍ട്ടി വേദിയാണ്. അവിടെയാണ് ആവശ്യം പറയേണ്ടത് എന്നാണ് ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം തോമസ് കെ തോമസിന് മറുപടി നല്‍കിയത്.

രണ്ടര വര്‍ഷം വീതം മന്ത്രി പദം പങ്കിടല്‍ മുന്‍ധാരണയാണെന്ന് തോമസ് കെ തോമസ്സ് വാദിക്കുന്നു. മന്ത്രിസ്ഥാനത്തോട് മോഹമില്ലെന്നും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കണമെന്നും അദ്ദേഹം പിന്നാലെ പറഞ്ഞു. ഏത് പാര്‍ട്ടി വേദിയിലാണ് ഇത് പറയേണ്ടതെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കണം. പാര്‍ട്ടി നേതൃത്വം ശശീന്ദ്രനും പിസി ചാക്കോയും കയ്യടക്കി വെച്ചിരിക്കുന്നു എന്നും തോമസ് കെ തോമസ് പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. ശശീന്ദ്രന്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ എന്‍സിപിയില്‍ പൊട്ടിത്തെറി ഉറപ്പാണ്.

 

 

 

 

Back to top button
error: