NEWSPravasi

ആവശ്യമായ രേഖകളില്ല, കുവൈത്തിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ 19 പ്രവാസി മലയാളി നഴ്സുമാര്‍ ഉൾപ്പെടെ 30 ഇന്ത്യക്കാര്‍ അറസ്റ്റിൽ; പിടിയിലായതില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരും

കുവൈത്ത് സിറ്റി: പത്തൊമ്പത് മലയാളികൾ ഉൾപ്പെടെ 30 ഇന്ത്യൻ നഴ്സുമാർ കുവൈത്തിൽ അറസ്റ്റിൽ. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പരിശോധനയിൽ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തിൽ ജോലി ചെയ്യാനുള്ള ലൈസൻസോ യോഗ്യതയോ ഇവർക്കില്ലെന്നാണ് കണ്ടെത്തൽ.

എന്നാൽ ഇവർ ജോലിക്ക് യോഗ്യരാണെന്നും ശരിയായ തൊഴിൽ വിസയും സ്പോൺസർഷിപ്പും ഉള്ളവരാണെന്നുമാണ് മലയാളി നഴ്സുമാരുടെ കുടുംബാംഗങ്ങൾ അവകാശപ്പെടുന്നത്. മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിൽ പലരും മൂന്ന് മുതൽ 10 വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. ഫിലീപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്.

Signature-ad

സുരക്ഷാ പരിശോധനയിൽ ആകെ 60 പേർ പിടിയിലായി. അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളുമുണ്ട്. വിസ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ അവകാശപ്പെടുന്നത്. അടുത്തിടെ ആശുപത്രി ഉടമയും സ്‌പോൺസറും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. അറസ്റ്റിലായവരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി വി മുരളീധരൻ, ഇന്ത്യൻ എംബസി, നോർക്ക റൂട്ട്സ് എന്നിവരെ ബന്ധുക്കൾ സമീപിച്ചിട്ടുണ്ട്.

Back to top button
error: