CrimeNEWS

തുകയെച്ചൊല്ലി തര്‍ക്കം: മകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചു

മലപ്പുറം: മേലാറ്റൂരില്‍ മകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മാതാവിനെ അതേ ക്വട്ടേഷന്‍ സംഘം വീടുകയറി ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേര്‍ അറസ്റ്റില്‍.

കീഴാറ്റൂര്‍ മുള്ള്യാകുര്‍ശ്ശി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നേല്‍ നഫീസ(48) യെ വീട്ടില്‍ക്കയറി ആക്രമിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്നാട് ഉക്കടം സ്വദേശി കാജ ഹുസൈന്‍ (39), മുള്ള്യാകുര്‍ശ്ശിയിലെ കീഴുവീട്ടില്‍ മെഹബൂബ് (58), പന്തലം ചേലി അബ്ദുള്‍ നാസര്‍ (പൂച്ച നാസര്‍-32) എന്നിവരെയാണ് മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

Signature-ad

നേരത്തേ വീട്ടമ്മ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത് ഇവരുടെ മകന്റെ ബൈക്ക് കത്തിച്ച കേസില്‍ പിടിയിലായ പ്രതികളാണ് ഇവര്‍. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു.

മകനുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ബൈക്ക് കത്തിക്കാന്‍ നഫീസ ക്വട്ടേഷന്‍ നല്‍കിയത്. പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ തുകയെച്ചൊല്ലി വീട്ടമ്മയും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച മാരകായുധങ്ങളുമായി മുള്ള്യാകുര്‍ശ്ശിയിലുള്ള വീട്ടിലെത്തിയ സംഘം നഫീസയെ ആക്രമിച്ചു. ഇവര്‍ നഫീസയുടെ വീട് അടിച്ചു പൊളിക്കുകയും ചെയ്തു.

 

 

Back to top button
error: