മാഹി: കാലപ്പഴക്കം കൊണ്ടു ജീര്‍ണിച്ചു അപകടാവസ്ഥയിലുള്ള മാഹി പാലം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തണം എന്നാവശ്യപ്പെട്ട് മയ്യഴിക്കാരായ പ്രവാസികളുടെ കൂട്ടായ്മ ‘മയ്യഴിക്കൂട്ടം’ കേരള ഹൈക്കോടതിയില്‍ നിയമയുദ്ധം നടത്തും. ഇതിനായി ഈ മാസം 19-ന് ഹൈക്കോടതിയില്‍ ഹർജി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മാഹി പാലത്തിന്റെ മേല്‍ ഭാഗത്തിന്റെ മിക്കയിടങ്ങളും പൊട്ടിപൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളും കുണ്ടും കുഴികളും നിറഞ്ഞതിനാല്‍ ഗതാഗതപ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടും അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികള്‍ ആരോപിച്ചു.
കണ്ണൂര്‍ – കോഴിക്കോട് ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി പങ്കിടുന്നതാണ് ഒന്നര കിലോമീറ്റര്‍ നീളമുളള പ്രദേശമാണ് മാഹി ദേശീയപാത. കണ്ണൂര്‍ ജില്ലയുടെ പ്രവേശന കവാടത്തില്‍ മാഹിയോടു ചേര്‍ന്ന് കിടക്കുന്ന മാഹി പാലത്തോട് വര്‍ഷങ്ങളായി അധികൃതര്‍ അവഗണന കാണിക്കുകയാണ്. മഴക്കാലത്ത് മാഹി പാലത്തിലെ തകര്‍ച്ച രൂക്ഷമാകുകയും ഗതാഗതം തടസ്സപ്പെടുകയുമാണ് പതിവ്. പരാതികളും പരിദേവനങ്ങളും സമരങ്ങളും മാധ്യമ വാര്‍ത്തകളുമൊക്കെ അധികൃതര്‍ അവഗണിക്കുന്നു.
സുപ്രീം കോടതി അഭിഭാഷകന്‍ മനോജ് വി. ജോര്‍ജ് മുഖേനയാന്ന് കേരള ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്ന് മയ്യഴിക്കൂട്ടം ജനറല്‍ സെക്രട്ടറി ഒ.വി ജിനോസ് ബഷീര്‍ അറിയിച്ചു.