KeralaNEWS

തമിഴ്നാടിന് പിന്നാലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടകയും; കേരളത്തില്‍നിന്ന് എത്തുന്നവരുടെ താപനില പരിശോധിക്കും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക. അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജനഗര, മൈസൂരു, കുടക്, ദക്ഷിണ കന്നഡ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ ബാധിത മേഖലയിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. കേരളത്തില്‍ നിന്നുള്ള യാത്രകള്‍ക്ക് നിലവില്‍ വിലക്കില്ല. കര്‍ണാടക കുടുംബ – ആരോഗ്യ ക്ഷേമ ആയുഷ് സേവന കമ്മിഷണറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. ചരക്ക് ഗതാഗതം സുഗമമായി നടക്കുന്നുണ്ട്. കര്‍ണാടകയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ -താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നു. നിപ്പ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 10 കിടക്കകളാണ് മാറ്റിവച്ചിരിക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ അനില്‍കുമാറിന്റെ ഉത്തരവില്‍ പറയുന്നു.

Signature-ad

അതേസമയം, കഴിഞ്ഞ ദിവസം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ശക്തമായ നിരീക്ഷണം നടത്താന്‍ തമിഴ്നാട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഏത് തരം പകര്‍ച്ചവ്യാധിയും ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തമിഴ്നാട്ടിലെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന മേധാവികള്‍ എന്നിവരോട് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ്.

 

Back to top button
error: