KeralaNEWS

ഇടിയോടിടി; രണ്ടു മരണം; നാലു കുട്ടികൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ഇന്നലെ മാത്രം കേരളത്തിൽ നടന്ന വാഹനാപകടങ്ങളുടെ കണക്ക് കേട്ടാൽ നെഞ്ചിൽ കൈവച്ചു പോകും.പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ കണക്ക് മാത്രമാണ് ഇവിടെ പറയുന്നത്.
തിരുവനന്തപുരം ആര്യനാട് കുളപ്പടയില്‍ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച്‌ കയറി ഒരാള്‍ മരിച്ചു.കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്.സംഭവത്തിൽ 4 കുട്ടികൾക്ക് പരിക്കേറ്റു.
വൈദ്യ വിനോദ് (4),വൈഗ വിനോദ് (8),ദിയാ ലഷ്മി (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കണ്ണൂരിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഏര്യം കണാരംവയലിലെ മുതിരയില്‍ വീട്ടില്‍ എം.സജീവൻ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെ തളിപ്പറമ്ബ്-ആലക്കോട് മലയോര ഹൈവേയില്‍ പൂവം ടൗണിലായിരുന്നു അപകടം.

ആലക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന സ്വകാര്യബസ് സജീവൻ സഞ്ചരിച്ച പള്‍സര്‍ ബൈക്കിലിടിക്കുകയായിരുന്നു. പെയിന്‍റ് വിതരണ ഏജൻസി നടത്തുന്ന സജീവൻ രാവിലെ തളിപ്പറമ്ബിലേക്ക് വരികയായിരുന്നു. കണാരംവയലിലെ കണ്ണൻ -ചേയിക്കുട്ടി ദമ്ബതികളുടെ മകനാണ് മരിച്ച സജീവൻ.

പാലക്കാട് കരിമ്ബയില്‍ കണ്ടയ്നര്‍ ലോറി ഇടിച്ചുകയറി വീടിന്റെ മുൻഭാഗം തകര്‍ന്നെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച പുലര്‍ച്ചെ 4.45 ന് പാലക്കാട് – കോഴിക്കോട് ദേശീയപാതയിലാണ് അപകടം.
Signature-ad

സിമെന്റ് ലോറിയില്‍ ഇടിച്ചാണ് കണ്ടയ്നര്‍ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ വീട്ടിലേക്ക് ഇടിച്ചു കയറിയത്. കരിമ്ബ പനയമ്ബാടം അങ്ങാടികാട് കളത്തില്‍ രാജഗോപാലിന്റെ വീടാണ്  തകര്‍ന്നത്. കോഴിക്കോട്ട് നിന്നും പാലക്കാടേക്ക് വരികയായിരുന്നു കണ്ടയ്നര്‍ ലോറി.

മലപ്പുറം തിരൂരിൽ പൊലീസിനെ കണ്ട് വേഗം കൂട്ടിയ മണല്‍ ലോറി നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോമറിലിടിച്ചുകയറിയാണ് മറ്റൊരു അപകടം.ഇടിയുടെ ആഘാതത്തില്‍ ട്രാൻസ്‌ഫോമര്‍ റോഡിലേക്കു മറിഞ്ഞു വീണ് പൊട്ടിത്തെറിച്ചെങ്കിലും ആളപായമില്ല.പരിക്കേറ്റെങ്കിലും ഇവിടെയും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ഇന്നലെ പുലർച്ചെ താഴേപ്പാലം പള്ളിയുടെ മുൻപിലുള്ള ട്രാൻസ്‌ഫോമറിലാണു ലോറിയിടിച്ചത്. ബിപി അങ്ങാടി ഭാഗത്തു നിന്ന് മണലുമായി വരികയായിരുന്നു ലോറി. പൊലീസ് ജീപ്പ് പിന്തുടരുന്നത് കണ്ടതോടെ ഡ്രൈവർ വേഗം കൂട്ടിയതോടെയാണ് അപകടം.

പത്തനംതിട്ടയിൽ രോഗിയെ കൊണ്ടുവരാന്‍പോയ ആംബുലൻസ് അടക്കം നാലുവാഹനങ്ങളുടെ കൂട്ടയിടിയാണ് സംഭവിച്ചത്.പത്തനംതിട്ട-അടൂര്‍ റോഡില്‍ ഓമല്ലൂര്‍ കുരിശടി ജങ്ഷനിലായിരുന്നു സംഭവം.

പത്തനംതിട്ടയില്‍നിന്ന് കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരാന്‍പോയ സേവാ ഭാരതിയുടെ ആംബുലന്‍സ്, പത്തനംതിട്ടയില്‍നിന്ന് ഉളനാട് ഭാഗത്തേക്ക് പോയ മാരുതി 800 കാര്‍, എതിരേവന്ന ഹ്യൂണ്ടായ് ഐ 10, പത്തനംതിട്ട-അമ്ബലക്കടവ്-കുളനട വഴി പന്തളത്തിന് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.

 ഇതില്‍ ആംബുലന്‍സുമായി ആദ്യം ഇടിച്ച മാരുതി 800 കാര്‍ പൂര്‍ണമായി തകര്‍ന്നു.അഞ്ചുപേര്‍ക്ക് പരുക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല എന്നത് മാത്രമാണ് ആശ്വാസം.

Back to top button
error: