KeralaNEWS

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി പേസ്‌മേക്കര്‍ ഇംപ്ലാന്‍റ് നടത്തി; 75 കാരിക്ക് പുതുജീവൻ

കാഞ്ഞങ്ങാട്: കാസർഗോഡ് ആരോഗ്യ രംഗത്ത് വൻ നേട്ടം കുറിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പേസ്‌മേക്കർ ചികിത്സ നടത്തി. സർക്കാർ തലത്തിലെ ജില്ലയിലെ ആദ്യ കാത്ത്‌ലാബായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലാണ് ജില്ലയിലെ ആദ്യത്തെ പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തിയത്. ആറങ്ങാടി സ്വദേശിനിയായ 75 വയസുകാരിക്കാണ് സർക്കാരിന്റെ പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കിയത്. രോഗി സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഇടയ്ക്കിടെ തലകറക്കവുമായാണ് രോഗി ആശുപത്രിയിലെത്തിയത്. കാർഡിയോളജിസ്റ്റിന്റെ നിർദേശ പ്രകാരം ഹോൾട്ടർ ടെസ്റ്റ് നടത്തി. ഹോൾട്ടർ ടെസ്റ്റിൽ ഹൃദയമിടിപ്പിൽ താളവ്യത്യാസം കണ്ടെത്തിയതോടെയാണ് ഈ മാസം ആറാം തീയതി പേസ്‌മേക്കർ ചികിത്സ നടത്തിയത്. കാർഡിയോളജിസ്റ്റുകളായ ഡോ. രാജി രാജൻ, ഡോ. പ്രവീണ, അനേസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോ. റാണ, എസ്.എൻ.ഒ. ജെൻസി, നഴ്‌സിംഗ് ഓഫീസർമാരായ രമ്യ, ജിഷ, ദിവ്യ അഞ്ജു, അൽഫോൻസ, ടെക്നിഷ്യൻമാരായ അഖിൽ, അമൃത, ഗ്രേഡ്-2 ശ്രീജിത്ത് എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയാക്കി.

Signature-ad

കാസർഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ വർഷം ജനുവരിയിൽ പൂർണരീതിയിൽ പ്രവർത്തനം ആരംഭിച്ച കാത്ത്‌ലാബിൽ ഇതുവരെ 200 ഓളം ആൻജിയോഗ്രാം, 75 ഓളം ആൻജിയോ പ്ലാസ്റ്റി, ടെമ്പററി പേസ്‌മേക്കർ, പെർമനന്റ് പേസ്‌മേക്കർ, പേരികാർഡിയൽ ടാപ്പിംഗ്, ഐവിയുഎസ് എന്നീ പ്രൊസീജിയറുകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളിലൂടെ തികച്ചും സൗജന്യമായാണ് ഒട്ടുമിക്ക ആൻജിയോപ്ലാസ്റ്റികളും ചെയ്യാൻ സാധിച്ചത്.

Back to top button
error: