തിരുവനന്തപുരം:സംസ്ഥാനത്തെ ജില്ലകളില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇടുക്കി.ഇതോടെ വലിപ്പത്തിന്റെ കാര്യത്തിൽ പാലക്കാട് വീണ്ടും രണ്ടാം സ്ഥാനത്തെത്തി.
റവന്യു രേഖകളില്‍ എറണാകുളം കുട്ടമ്ബുഴ വില്ലേജിന്റെ ഭാഗമായിരുന്ന 12718.5095 ഹെക്ടര്‍ ഭരണ സൗകര്യത്തിനായി ഇടുക്കി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേര്‍ത്തതോടെയാണ് ജില്ല വീണ്ടും ഒന്നാമതെത്തിയത്.ഇതോടെ ഇടുക്കിയുടെ ആകെ വിസ്തീര്‍ണം 4358ല്‍നിന്നു 4612 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു.
അതേസമയം പാലക്കാടിന്റെ വിസ്തീര്‍ണം 4482 ചതുരശ്ര കിലോമീറ്ററാണ്. സെപ്റ്റംബര്‍ 5ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം പുതിയ മാറ്റം നിലവില്‍ വന്നു.കഴിഞ്ഞ വെള്ളിയാഴ്ചത്തെ സര്‍ക്കാര്‍ ഗസറ്റിലും ഇത് ഉള്‍പ്പെടുത്തി.
ഇത്രയും സ്ഥലം ഇടുക്കിയിലേക്കു ചേര്‍ത്തതോടെ എറണാകുളം ജില്ല വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തായി. അഞ്ചാമതായിരുന്ന തൃശൂര്‍ (3032 ചതുരശ്ര കിലോ മീറ്റര്‍) നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.