IndiaNEWS

53 എംഎല്‍എമാരില്‍ 40 പേരും അജിത് വിഭാഗത്തില്‍; ആദ്യമായി സ്ഥിരീകരിച്ച് ശരദ് പവാര്‍

മുംബൈ: അജിത് പവാര്‍ വിഭാഗത്തിലെ 40 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി തിരഞ്ഞെടുപ്പ് കമ്മിഷനു സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ട്ടിയുടെ പേരും പാര്‍ട്ടി ചിഹ്നവും അവകാശപ്പെട്ട് അജിത് വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയായാണ് സത്യവാങ്മൂലം നല്‍കിയത്.

53 എംഎല്‍എമാരില്‍ 40 പേരും അജിത് വിഭാഗത്തിലാണെന്ന് പവാര്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ശരദ് പവാറാണ് ഇപ്പോഴും തിരഞ്ഞെടുക്കപ്പെട്ട ദേശീയ അധ്യക്ഷനെന്നും നിയമസഭാ കക്ഷി നേതാവും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീല്‍ ഇപ്പോഴും പവാറിനൊപ്പമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

Signature-ad

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 31 എംഎല്‍എമാരെ കൂടി അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനും ശരദ് പവാര്‍ വിഭാഗം കത്തയച്ചു. നേരത്തെ മന്ത്രിസഭയില്‍ ചേര്‍ന്ന അജിത് ഉള്‍പ്പെടെ 9 എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു.

ജൂലൈ 2നാണ് അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്നും ചില നേതാക്കള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയാണ് ഉണ്ടായതെന്നുമുള്ള ശരദ് പവാറിന്റെ സമീപകാല പ്രസ്താവന വിവാദമായിരുന്നു. പിന്നീട് പവാര്‍ തിരുത്തി.

 

Back to top button
error: