ബംഗളൂരു:കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തില്‍ തേനീച്ച ആക്രമണം.തേനീച്ച ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് എംപി ഉള്‍പ്പെടെ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കോലാറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. ബിജെപി കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
500-ലധികം പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.ഇതിനെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് പ്രതിഷേധം ഉപേക്ഷിച്ച് ആളുകൾ വിവിധ ദിശകളിലേക്ക് ഓടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം തേനീച്ച ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി ആരോപിച്ചു. പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ഭരണ മന്ദിരത്തിന്റെ മുകളില്‍ ഉണ്ടായിരുന്ന തേനീച്ചക്കൂടുകള്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാണ് ആരോപണം.