എറണാകുളം: കൊച്ചിയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിലായി. രണ്ട് പേർ പാലാരിവട്ടത്തും രണ്ട് പേർ ശാന്തിപുരത്തുമാണ് പിടിയിലായത്. പാലാരിവട്ടത്ത് പിടിയിലായവരിൽ നിന്ന് 54 ഗ്രാം എം.ഡി.എം.എയും ശാന്തിപുരത്ത് പിടിയിലായവരിൽ നിന്ന് 4.42 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്ത്. ലഹരി വിൽപനയ്ക്കിടെയാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലായി 58.42 ഗ്രാം എംഡിഎംഎയാണ് ഇന്ന് കൊച്ചി പൊലീസ് പിടിച്ചെടുത്തത്.
മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് സ്വദേശി മുഹമ്മദ് റഷീദ് എന്നിവരാണ് പാലാരിവട്ടത്തു നിന്ന് ലഹരി മരുന്നുമായി പൊലീസിന്റെ പിടിയിലായത്. ഇവർ ബംഗളുരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയാണ് കൈവശമുണ്ടായിരുന്നത്. പാലാരിവട്ടത്തെ ഒരു ഹോട്ടലിന് സമീപം വെച്ച് ഇവർ ഇത് വിൽപന നടത്താൻ ശ്രമിച്ചു. ഇവിടെ വെച്ചുതന്നെ രണ്ട് പേരും പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ശാന്തിപുരത്ത് നടത്തിയ പരിശോധനയിൽ കൊച്ചി സ്വദേശികളായ സുൽഫിക്കർ, നോയൽ എന്നിവരും അറസ്റ്റിലായി. ഇവരുടെ കൈവശം 4.42 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. ഇവരും വിൽപനയ്ക്കാണ് എംഡിഎംഎ എത്തിച്ചത് എന്ന് പൊലീസ് പറയുന്നു. ലഹരി വസ്തുക്കൾ എവിടെ നിന്നാണ് എത്തിച്ചതെന്നും ആർക്കാണ് വിൽക്കാൻ ശ്രമിച്ചതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
എളമക്കര കറുകപ്പിള്ളി ഭാഗത്ത് നിന്നും 69.12 ഗ്രാം എംഡിഎംഎയുമായി കാസർഗോഡ് സ്വദേശിയും പിടിയിലായി. ഉദുമ ബോറ ഫാത്തിമ മൻസിലിൽ അബ്ദുൽ സലാം (27) ആണ് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എളമക്കര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാറിൽ എളമക്കര കറുകപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എളമക്കര സബ് ഇൻസ്പെക്ടർ അയിൻ ബാബു, എഎസ്ഐ ലാലു ജോസഫ്, എസ്സിപിഒമാരായ സുധീഷ്, അനീഷ്, സിപിഒ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.