KeralaNEWS

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍ 

കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റില്‍ രാജിനെയാണ് പോലീസ് പിടികൂടിയത്.

അമ്മയും കുട്ടികളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രി 12.30-ഓടെ എല്ലാവരും കിടന്നു. വാതില്‍ പൂട്ടിയിരുന്നെങ്കിലും ജനല്‍ തുറന്നിട്ടിരുന്നു. ജനല്‍ വഴി കൈയിട്ട് താക്കോല്‍ കൈക്കലാക്കിയാണ് പ്രതി വാതില്‍തുറന്നത്. എട്ടു വയസ്സുകാരിയും രണ്ട് സഹോദരങ്ങളും ഹാളില്‍ കിടക്കുകയായിരുന്നു. ഇളയകുട്ടിയും അമ്മയും മുറിയിലാണ് കിടന്നിരുന്നത്. അമ്മയുടെ മുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.ഇയാൾ 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തൻപുറത്തെ വീട്ടില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലര്‍ച്ചെ 2.15-ഓടെ വീട്ടില്‍ക്കയറി ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി നടന്നുപോകുന്നതും കുട്ടിയെ മര്‍ദിക്കുന്നതും കണ്ടു. ഇതോടെ മറ്റുഅയല്‍ക്കാരെ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

തൊട്ടുപിന്നാലെ പ്രതി കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടെന്നാണ് നിഗമനം. തിരച്ചിലിനിടെ ചോരയൊലിച്ച നിലയിലാണ് പെണ്‍കുട്ടി നാട്ടുകാരുടെ അടുത്തേക്ക് ഓടിയെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വ്യാഴാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: