കൊച്ചി: മുതിര്‍ന്ന പൗരന്മാര്ക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയില്‍വേ ഒരുവര്‍ഷം നേടുന്നത് രണ്ടായിരത്തിലധികം കോടി രൂപ. 2020 മാര്‍ച്ച് 20-നാണ് റെയില്‍വേ 38 സൗജന്യ യാത്രാനിരക്കുകള്‍ നിര്‍ത്തലാക്കിയത്. മുതിര്‍ന്ന പൗരന്മാര്ക്ക് കിട്ടിയിരുന്ന 40-50 ശതമാനം സൗജന്യനിരക്കും ഇക്കൂട്ടത്തില്‍ എടുത്തുകളഞ്ഞു. 60 വയസ്സിന് മുകളിലുള്ള പുരുഷന്മാര്ക്കും 58 കഴിഞ്ഞ സ്ത്രീകള്‍ക്കുമാണ് ആനുകൂല്യങ്ങള്‍ ഇല്ലാതായത്. ഇളവുകള്‍ ഇല്ലാതായതിനുശേഷം മൂന്നുവര്‍ഷമായി ട്രെയിനില്‍ യാത്രചെയ്തത് 15.27 കോടി മുതിര്‍ന്ന യാത്രക്കാരാണ്.
2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ചുവരെ 7.30 കോടി യാത്രക്കാര്‍ മുഴുവന്‍ നിരക്കും നല്കി യാത്രചെയ്തു. ഇതില്‍ 4.46 കോടി പുരുഷന്മാരും 2.84 കോടി സ്ത്രീകളും ഉള്‍പ്പെടും. 1500 കോടി രൂപയോളം ഇളവുകള്‍ നല്‍കാത്തയിനത്തില്‍ റെയില്‍വേക്ക് ലഭിച്ചു.
2022 മാര്‍ച്ചുമുതല്‍ 2023 ഏപ്രില്‍വരെയുള്ള കണക്ക് പ്രകാരം 2,242 കോടി രൂപയോളം ലഭിച്ചിട്ടുണ്ട്. 7.96 കോടി മുതിര്‍ന്ന യാത്രക്കാരാണ് ഈ കാലയളവില്‍ മുഴുവന്‍ നിരക്ക് നല്കി യാത്രചെയ്തത്. 2021 മുതല്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ സീനിയര്‍ സിറ്റിസണ്‍ കോഡും ഒഴിവാക്കി. ഒരു ട്രെയിനില്‍ ആകെയുള്ള ലോവര്‍ ബര്‍ത്തിന്റെ 10 ശതമാനം ക്വാട്ട മാത്രമാണ് ഇപ്പാള്‍ കിട്ടുന്ന ഏക ആശ്വാസം.
ആരോഗ്യകാരണങ്ങളാല്‍ അവശതയനുഭവിക്കുന്ന ഭൂരിഭാഗം മുതിര്‍ന്ന പൗരന്മാരും ബസ് യാത്ര ഒഴിവാക്കി ട്രെയിനിനെയെയാണ് ആശ്രയിക്കുന്നത്. ശൗചാലയ സംവിധാനവും ട്രെയിനെ പ്രിയപ്പെട്ടതാക്കുന്നു. തീര്‍ഥാടന-വിനോദയാത്ര പോകുന്നവര്‍ക്കും റെയില്‍വേയുടെ നിലവിലെ തീരുമാനം തിരിച്ചടിയാണ്.