CrimeNEWS

പ്രഭാകരന്റെ ശരീരത്തില്‍ ആറ് കുത്തുകള്‍; മരുമകന്‍ കത്തി വാങ്ങിയത് കൊല്ലാന്‍ ലക്ഷ്യമിട്ട്

മലപ്പുറം: ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ മരുമകന്‍ കത്തി വാങ്ങിച്ചത് എടക്കര അങ്ങാടിയില്‍ നിന്നെന്ന് പോലീസ്. കൊല്ലപ്പെട്ട വഴിക്കടവ് മരുത മത്തളപ്പാറ ആനടീല്‍ പ്രഭാകരന്റെ (70) ശരീരത്തില്‍ കുത്തേറ്റ ആറ് പാടുകള്‍ കണ്ടെത്തി. മക്കളെ കാണാന്‍ അനുവദിക്കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയായ പ്രഭാകരന്റെ മരുമകന്‍ ചാത്തോലി മനോജിന്റെ മൊഴി.

ചൊവ്വാഴ്ച രാവിലെ ഒന്‍പരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എടക്കര ടൗണിലെ കടയില്‍നിന്നു കത്തിവാങ്ങിച്ചു നേരത്തെ പ്ലാന്‍ ചെയ്തതു പ്രകാരമാണ് പ്രതി കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. പ്രതി കൊലപ്പെടുത്തിയതിനു ദൃക്സാക്ഷികള്‍ ഒന്നും ഇല്ലാത്തതിനാല്‍ തന്നെ ഇയാളുടെ മൊഴി പ്രകാരം പ്രദേശങ്ങളിലെ വിവിധ സിസിടിവികള്‍ പരിശോധിച്ചു പ്രതി വീട്ടിലെത്തിയ സമയവും കത്തി വാങ്ങിച്ച കടയുമെല്ലാം പോലീസ് തിരിച്ചറിയുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.

Signature-ad

എടക്കര അങ്ങാടിയില്‍ ടെയ്‌ലറിങ് സ്ഥാപനം നടത്തിവരുന്ന മനോജ് പ്രഭാകരന്റെ ഇളയ മകളുടെ ഭര്‍ത്താവാണ്. കുറച്ചുനാളുകളായി ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല ഇയാളെന്നു നാട്ടുകാര്‍ പറയുന്നു. ഭാര്യാപിതാവ് പ്രഭാകരനുമായി മനോജ് പലതവണ വഴക്കിട്ടിരുന്നു. നാലുദിവസം മുന്‍പ് ഇവര്‍ തമ്മിലുണ്ടായ കലഹം വഴിക്കടവ് സ്റ്റേഷനിലെത്തി ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. മനോജും ഭാര്യയും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

കൊലപാതകത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തിന് ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി തനിച്ചു ബൈക്കിലാണ് സംഭവസ്ഥലത്ത് എത്തിയത്. കൃത്യം നടന്ന ഇടങ്ങളില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് പരിശോധനയും നടന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രഭാകരന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപ്രതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പാര്‍വതിയാണ് പ്രഭാകരന്റെ ഭാര്യ. മക്കള്‍: ഗിരിജ, ഉണ്ണികൃഷ്ണന്‍, ഗിരീഷ് കുമാര്‍, ഗണേഷ്, ഗീത, മോഹന്‍ദാസ്, പുഷ്പ.

 

Back to top button
error: