SportsTRENDING

സഞ്ജു സാംസണ്‍ എന്തുകൊണ്ട് ഏകദിന ലോകകപ്പിനില്ല ? ഇതാണ് കാരണങ്ങൾ…

കൊളംബോ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൻറെ ആവേശമുയർത്തി ഇന്ത്യൻ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ആരാധകർ അത്ര സന്തുഷ്‌ടരല്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സ്ക്വാഡിലില്ലാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്. ഏകദിനത്തിൽ മികച്ച റെക്കോർഡുണ്ടായിട്ടും ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെടുകയായിരുന്നു സഞ്ജു. പരിക്കിൻറെ പിടിയിലായിരുന്ന കെ എൽ രാഹുലും ഏകദിനത്തിൽ മോശം റെക്കോർഡുള്ള സൂര്യകുമാർ യാദവും ടീമിൽ ഉൾപ്പെട്ടിട്ടും സഞ്ജുവിനെ പരിഗണിക്കാതിരിക്കുകയായിരുന്നു സെലക്ടർമാർ എന്ന വിമർശനം ശക്തമാണ്.

എന്തുകൊണ്ടാണ് സ‍ഞ്ജു സാംസണ് ഏകദിന ലോകകപ്പ് സ്ക്വാഡിലെത്താൻ കഴിയാഞ്ഞത്. എന്തൊക്കെ കാരണങ്ങളാണ് സഞ്ജുവിന് തിരിച്ചടിയായത്. മധ്യനിര ബാറ്ററായി സൂര്യകുമാർ യാദവിൽ വിശ്വാസം തുടരുകയായിരുന്നു സെലക്‌ടർമാർ എന്നതാണ് ഒരു കാരണം. ഏകദിനത്തിൽ ഇതുവരെ കളിച്ച 26 മത്സരങ്ങളിൽ 24.33 ശരാശരി മാത്രമുള്ള സ്കൈക്ക് 511 റൺസേ നേടാനായിട്ടുള്ളൂ എന്നതൊന്നും ടീം സെലക്ഷന് തടസമായില്ല. ഓസ്ട്രേലിയക്ക് എതിരെ ഹാട്രിക് ഡക്കിൽ വീണ സൂര്യയുടെ 50 ഓവർ ഫോർമാറ്റിലെ മോശം ഫോം പലകുറി ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ ദയനീയ റെക്കോർഡുകൾക്കിടയിലും വിൻഡീസിനെതിരെ അവസാന രണ്ട് ട്വൻറി 20കളിൽ 61, 83 സ്കോർ വീതം നേടിയ സൂര്യക്ക് മധ്യനിരയിൽ ശ്രേയസ് അയ്യരുടെ ബാക്ക്അപ് ആവാൻ കഴിയുമെന്ന് സെലക്‌ടർമാർ കണക്കുകൂട്ടിയതോടെ മധ്യനിര ബാറ്ററായി ഇടംപിടിക്കാനുള്ള സഞ്ജുവിൻറെ വാതിൽ അടഞ്ഞു.

Signature-ad

ഒരുവേള ലോകകപ്പ് ടീമിൽ എത്തുമെന്ന് ഉറപ്പിച്ച താരമായിരുന്നു സഞ്ജു സാംസൺ. വിക്കറ്റ് കീപ്പർ ആണെന്നത് ടീമിലേക്ക് താരത്തിൻറെ സാധ്യത കൂട്ടി. എന്നാൽ സമീപകാല ഫോം വച്ച് വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ഏകദിന ലോകകപ്പ് ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ പരിക്ക് മാറി മറ്റൊരു കീപ്പർ കെ എൽ രാഹുൽ മടങ്ങിയെത്തിയതും സഞ്ജുവിന് തിരിച്ചടിയായ ഘടകമാണ്. വെസ്റ്റ് ഇൻഡീസ് പര്യടനം മുതലുള്ള ഏഴ് മത്സരങ്ങളിൽ 22.16 മാത്രമാണ് സഞ്ജുവിൻറെ ബാറ്റിംഗ് ശരാശരി. വിൻഡീസ് ടൂറിന് മുമ്പ് 66 ആയിരുന്നു ഏകദിനത്തിലെ ശരാശരിയെങ്കിൽ ഇപ്പോഴത് 55.71 ആയി കുറഞ്ഞു. ഇതും സഞ്ജുവിന് സെലക്ഷൻ സമവാക്യങ്ങളിൽ ആഘാതമേൽപിച്ചു. സൂര്യയിൽ സെലക്ടർമാർ വിശ്വാസമർപ്പിച്ചതും രാഹുലിൻറെ മടങ്ങിവരവും ഇഷാൻറെ സ്വപ്‌ന ഫോമും ചേർന്നപ്പോൾ ലോകകപ്പ് ടീമിലെത്താൻ സഞ്ജു സാംസണിന് മുന്നിലുള്ള വഴികളെല്ലാം അടഞ്ഞു. ഏകദിനത്തിൽ 12 ഇന്നിംഗ്‌സിൽ മൂന്ന് അർധസെഞ്ചുറികളോടെ 390 റൺസുള്ളതൊന്നും സഞ്ജുവിൻറെ രക്ഷയ്‌ക്കെത്തിയില്ല.

Back to top button
error: