KeralaNEWS

കെഎസ്ആർടിസിക്ക് ബദൽ; സ്വകാര്യ ബസുകളെ പൂട്ടാൻ ഉന്നതലയോഗം

കൊച്ചി:നാഷണല്‍ പെര്‍മിറ്റുമായി  ദീർഘദൂര സർവീസുകൾ ആരംഭിച്ച സ്വകാര്യ ബസുകളെ പൂട്ടാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.ഇത്തരത്തിൽ സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തിൽ ചര്‍ച്ചയായതായാണ് വിവരം.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിലായിരുന്നു യോഗം.ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, നിയമ വിദഗ്ധര്‍, ഗതാഗത വകുപ്പിലെയും മോട്ടോര്‍ വാഹന വകുപ്പിലെയും കെഎസ്‌ആര്‍ടിസിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച പത്തനംതിട്ട – കോയമ്പത്തൂർ സ്വകാര്യ ബസ് എംവിഡി കസ്റ്റിഡിയിലെടുത്തത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.കെഎസ്ആർടിസി പത്തനംതിട്ട ജില്ലാ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി.

സ്വകാര്യബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം.റോബിൻ ബസിനെതിരെയാണ് നടപടി.അതേസമയം ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസാണിത്.അതിനാൽ തന്നെ കോയമ്ബത്തൂരിലേക്കുള്ള ബസ് റാന്നിയിൽ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍ പരിശോധിക്കാതെ വാഹനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ മാത്രം ചൂണ്ടിക്കാണിച്ച്‌ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു.
Signature-ad

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നിരിക്കെയാണിത്.വെള്ളനിറവും ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാം. ഇത് ശരിവെക്കുന്ന നിയമോപദേശമാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്കും ലഭിച്ചിട്ടുള്ളത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യെ പ്രതികൂലമായി ബാധിക്കുന്ന ഈ സംവിധാനത്തിനെതിരെ നടപടിയെടുക്കാൻ ഉന്നതലസമ്മർദം ഉണ്ടായതോടെയാണ്  മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി.

പത്തനംതിട്ടയിൽ നിന്നും ബുധനാഴ്ചയാണ്  കോയമ്ബത്തൂരിലേക്ക് ‘റോബിൻ’ എന്ന സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചത്.ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍ എക്സ്പ്രസ്സ് ആയിട്ടായിരുന്നു സര്‍വീസ്.പത്തനംതിട്ടയില്‍ നിന്നും റാന്നി, ഏരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്ബാവൂര്‍, അങ്കമാലി, പാലക്കാട് വഴിയാണ് കോയമ്ബത്തൂരില്‍ എത്തുക.വെളുപ്പിനെ പത്തനംത്തിട്ടയിൽ നിന്നും പുറപ്പെട്ട് വൈകിട്ട് അഞ്ച് മണിയോടെ കോയമ്പത്തൂർ നിന്നും തിരികെ പുറപ്പെടുന്ന രീതിയിലായിരുന്നു സർവീസ്.

പെര്‍മിറ്റ് വ്യവസ്ഥകള്‍പ്രകാരം കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പത്തനംത്തിട്ടയിൽ നിന്നും ബസ്  പുറപ്പെട്ടതിന്  പിന്നാലെ റാന്നിക്ക് സമീപം വച്ച് ബസ് തടയുകയായിരുന്നു.തുടർന്ന് സാങ്കേതികപ്പിഴവുകളുടെപേരില്‍ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. ജി.പി.എസ്. തകരാര്‍, ടയറിന് തേയ്മാനം, ചവുട്ടുപടി തകര്‍ന്നു, ബ്രേക്ക് പോരായ്മ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.15 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച്‌ ബസ് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

Back to top button
error: