അഹമ്മദാബാദ്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയും ഭീഷണിപ്പെടുത്തിയും സ്ത്രീകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ വഡോദര സ്വദേശിയായ രാകേഷ് സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യചിത്രങ്ങള്‍ കൈക്കലാക്കി പണം തട്ടിയെന്ന് കാണിച്ച് നാട്ടുകാരി നല്‍കിയ പരാതിയിലാണ് രാകേഷിനെ പിടികൂടിയതെന്നും നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കാമുകി പ്രണയത്തില്‍നിന്ന് പിന്മാറിയതിന് പിന്നാലെ എട്ടുവര്‍ഷം മുന്‍പാണ് രാകേഷ് സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് തട്ടിപ്പ് ആരംഭിച്ചത്. പ്രണയത്തിലായിരിക്കെ ഏകദേശം ഒന്നരലക്ഷം രൂപയാണ് ഇയാള്‍ കാമുകിയ്ക്കായി ചെലവഴിച്ചത്. പിന്നീട് കാമുകി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ കാമുകി തന്നെ ചതിച്ചതാണെന്ന് കരുതിയ പ്രതി, സ്ത്രീകളെ തട്ടിപ്പിനിരയാക്കി പണം സമ്പാദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാട്രിമോണിയല്‍ വെബ്സൈറ്റുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സ്ത്രീകളെ പരിചയപ്പെട്ടശേഷമാണ് ഇയാള്‍ തട്ടിപ്പിനിരയാക്കുന്നത്. ജോലി വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നല്‍കിയും ഒട്ടേറെപേരെ കെണിയില്‍വീഴ്ത്തിയ ഇയാള്‍ ലക്ഷങ്ങളാണ് കൈക്കലാക്കിയത്. വ്യവസായി, കോര്‍പ്പറേറ്റ് പ്രൊഫഷണല്‍, പോലീസ് ഉദ്യോഗസ്ഥന്‍, ജഡ്ജി എന്നിങ്ങനെയെല്ലാമാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ചില സ്ത്രീകളോട് സ്ത്രീയാണെന്ന വ്യാജേനയും പരിചയം സ്ഥാപിച്ചിരുന്നു.
നൂറിലേറെ സ്ത്രീകളെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. മാട്രിമോണിയല്‍ വെബ്സൈറ്റുകളിലൂടെ പരിചയപ്പെടുന്നവരുമായി ബന്ധം സ്ഥാപിച്ച് ഇവരുടെ സ്വകാര്യചിത്രങ്ങളും മറ്റും കൈക്കലാക്കുന്നതാണ് രീതി. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കും. വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം നോക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായി ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുന്നതാണ് രാകേഷിന്റെ രീതി. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ട ശേഷം തട്ടിപ്പിനിരയായ വഡോദര സ്വദേശിനിയാണ് രാകേഷിനെതിരേ പോലീസില്‍ പരാതിപ്പെട്ടത്. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടശേഷം യുവതിയും രാകേഷും തമ്മില്‍ ചാറ്റിങ് ആരംഭിച്ചു. തുടര്‍ന്ന് യുവതിയുടെ വിശ്വാസ്യത നേടിയെടുത്ത പ്രതി തന്ത്രപൂര്‍വം സ്വകാര്യചിത്രങ്ങള്‍ കൈക്കലാക്കി. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നുമായിരുന്നു യുവതിയുടെ പരാതി.