കണ്ണൂര്‍: കഠിനമായി അദ്ധ്വാനിച്ച് സ്വരൂക്കൂട്ടിയ തുക കൊണ്ട് സ്വന്തം പറമ്ബിലെ ഇരുപത്തിയഞ്ച് സെന്റില്‍ അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് അത് ഭവനരഹിതരായ അഞ്ചു കുടുംബങ്ങൾക്ക് കൈമാറി ഇരിട്ടി പായം തെങ്ങോലയിലെ സുന്ദരൻ മേസ്തിരി.
കരിക്കോട്ടക്കരിയിലെ സൈനബ,കൂവക്കുന്നിലെ വിചിത,കുന്നോത്തെ ലളിത,വള്ളിത്തോടിലെ പ്രിയ,മുണ്ടയാം പറമ്ബിലെ ശ്രീജ എന്നിവര്‍ക്കാണ് സുന്ദരൻ മേസ്തിരിയുടെ കാരുണ്യം വഴി അടച്ചുറപ്പുള്ള ഒരു വീട് യാഥാര്‍ത്ഥ്യമായത്.
തന്റെ ഉടമസ്ഥതയിലുള്ള കോളിക്കടവ് തൊങ്ങോലയിലെ 25 സെന്റ് സ്ഥലത്താണ് അഞ്ച് വീടുകള്‍ നിര്‍മ്മിച്ചത്. ഒരേ മാതൃകയില്‍ 750 ചതുരശ്ര അടിയില്‍ പണിത വീടുകള്‍ക്കെല്ലാം കൂടി ഒരു കോടിയിലധികം ചിലവായി. രണ്ട് വിശാലമായ കിടപ്പുമുറികളില്‍ ഒന്നില്‍ ശുചിമുറി സൗകര്യം കൂടിയുണ്ട്. ഇതിന് പുറമെ പുറത്ത് മറ്റൊരു ശുചിമുറി, വിശാലമായ മുറ്റം, അടുക്കള, വരാന്ത, പിൻവശത്ത് ഷീറ്റ് മേഞ്ഞ മുറ്റം എന്നിവയും വീടുകളിലുണ്ട്. നാലു സെന്റ് വീതമുള്ള സ്ഥലത്ത് പണികഴിപ്പിച്ച ഓരോ വീടിനും ചുറ്റുമതില്‍ കെട്ടി നല്‍കുകയും ചെയ്തു. എല്ലാ വീടുകള്‍ക്കും വെവ്വേറെ ശുദ്ധജല ടാങ്കുകള്‍, പമ്ബിംഗ് മോട്ടോറുകള്‍, എന്നിവയുമുണ്ട്.
കഴിഞ്ഞ ഉത്രാടം നാളില്‍ അഞ്ചു വീടുകളിലും പാലുകാച്ചല്‍ ചടങ്ങും നടന്നു. വീട് കൂടാതെ അഞ്ച് കുടുംബത്തിനും ഉപജീവനത്തിനായി 20,000 രൂപ വീതവും നല്‍കിയിട്ടുണ്ട് മേസ്തിരി. ഇവര്‍ക്ക് നല്‍കിയ സ്ഥലത്തില്‍ ശേഷിച്ച ഒന്നര സെന്റില്‍ നിര്‍മ്മിച്ച വലിയ കിണറില്‍ നിന്നാണ് ഇവര്‍ക്കുള്ള കുടിവെള്ളം നല്‍കുന്നത്.മേസ്തിരിയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണയുമായി ഭാര്യ ഷീനയും മക്കളായ സോനയും സായന്തും കൂടെ ഉണ്ടായിരുന്നു.