കൊല്ലം: പെട്രോൾ പമ്പിൽവെച്ച് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു. കൊല്ലം ചിതറയിലാണ് സംഭവം. ദർപ്പക്കാട് സ്വദേശി സെയ്ദലി എന്ന ബൈജു(34)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 4-പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. പിടിയിലായവർ ബൈജുവിനൊപ്പമെത്തിയ സുഹൃത്തുക്കൾ തന്നെയായിരുന്നു.
പെട്രോളടിക്കാനായാണ് ബൈജുവും നാല് സുഹൃത്തുക്കളും പമ്പിലെത്തിയത്. പെട്രോൾ അടിച്ച ശേഷം പമ്പിന് പുറത്തെത്തിയ ഇവർ വണ്ടി മാറ്റി നിർത്തിയ ശേഷം വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് രണ്ടുപേർ പുറത്തിറങ്ങിയ ശേഷം ബൈജുവിനെ കാറിൽനിന്ന് വലിച്ച് പുറത്തേക്കിട്ട് നിലത്തു കിടന്ന തറയോട് കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു.
രക്തം വാർന്ന് തറയിൽ കിടന്ന് ബൈജുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു..