KeralaNEWS

മൃഗാശുപത്രിയിലെ കരാര്‍ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്തത് കള്ളക്കേസ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം; ആഗസ്റ്റ് 22ന് നടത്തിയ പ്രതിഷേധത്തിനെതിരെ തലേന്ന് തന്നെ കേസെടുത്തു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പാമ്പാടി: ഉമ്മന്‍ ചാണ്ടി ചെയ്ത നന്മകളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച മൃഗാശുപത്രിയിലെ കരാര്‍ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്തത് കള്ളക്കേസെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ആഗസ്റ്റ് 22ന് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിക്കെതിരെ തലേന്ന് തന്നെ കേസ് എടുത്തെന്ന് എഫ്‌ഐആര്‍. ഇതോടെ കേസിലെ ഗൂഢാലോചന പുറത്തായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എഫ്‌ഐആറിന്റെ പകര്‍പ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ടു.

സതിയമ്മയെ പിരിച്ചുവിട്ടതിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 22നാണ് പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള 25 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കോട്ടയം ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ പി എസ് ആണ് കേസ് എടുത്തത്. സബ് ഇന്‍സ്പെക്ടര്‍ തന്നെയാണ് പരാതിക്കാരന്‍. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Signature-ad

എഫ് ഐ ആറില്‍ ചേര്‍ത്തിക്കുന്ന വകുപ്പുകളും കളവാണ്. തങ്ങള്‍ മൃഗാശുപത്രിയില്‍ പ്രതിഷേധിക്കാന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. നിരോധനാജ്ഞ പ്രഖ്യാപിക്കാത്ത സ്ഥലത്തേക്കാണ് നേതാക്കള്‍ എത്തിയത്. സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലാന്‍ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും തികരുവഞ്ചൂര്‍ രാധാകൃഷ്ന്‍ പറഞ്ഞു.

സര്‍ക്കാര്‍ പോലീസിനെ ദുര്‍വിനിയോഗം ചെയ്യുകയാണ്. സര്‍ക്കാരിന്റേത് വഴി വിട്ട നടപടി കാട്ടു നീതിയാണന്നും ഈ അനീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണോ പോലീസ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കണം. ഇതിലും ഭേദം പോലീസിനെകൊണ്ട് പ്രചാരണം നടത്തിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ചെറിയാന്‍ ഫിലിപ്പ് എന്നിവരും പങ്കെടുത്തു.

Back to top button
error: