KeralaNEWS

പതിവ് തെറ്റിച്ചില്ല; ഉത്രാടദിനത്തില്‍ ഓണസദ്യയുണ്ട് വാനരക്കൂട്ടം

കൊല്ലം: പച്ചടി മുതല്‍ പായസം വരെയുള്ള വിഭവസമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തിലെ വാനരക്കൂട്ടം.

ധര്‍മശാസ്താവിന്റെ തോഴന്മാരായ വാനരന്മാര്‍ക്കായി കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, പച്ചടി, കിച്ചടി, അവിയല്‍, തോരൻ, രണ്ട് തരം പായസവും അടക്കമുള്ള വിഭവങ്ങള്‍  തൂശനിലയില്‍ ഒരുക്കിയിരുന്നു.പക്ഷെ ചോറു വിളമ്ബി പരിപ്പ് ഒഴിച്ചെങ്കിലും വിളിക്കാതെ വരില്ലെന്ന ശീലം ഇത്തവണയും തെറ്റിച്ചില്ല.

വിളമ്ബുകാര്‍ മാറിയ ശേഷം ‘ഉണ്ണാൻ വിളിച്ചതോടെ’ കുഞ്ഞുങ്ങള്‍ മുതല്‍ മുത്തച്ഛന്മാര്‍ വരെയുള്ള വാനരപ്പട വരിവരിയായി ഇലകള്‍ക്ക് മുന്നിലെത്തി. ഇണങ്ങിയും പോരടിച്ചും അടുത്ത ഇല കയ്യടക്കിയും ആവേശത്തോടെയാണ് നൂറോളം വരുന്ന വാനരക്കൂട്ടം ഓരോ വിഭവങ്ങളുടെയും രുചി ആസ്വദിച്ചത്.

Signature-ad

കൂട്ടത്തിലെ മൂപ്പന്മാരായ സുലുവും രാജുവും പാച്ചുവുമാണ് ആദ്യമെത്തി സദ്യ രുചിച്ചത്. ഇവര്‍ തലയാട്ടിയതോടെ മറ്റുള്ളവര്‍ കുതിച്ചെത്തി. കൈയില്‍ കിട്ടിയതെല്ലാം വാരിവലിച്ച്‌ അകത്താക്കി. പതിറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടത്തിവരുന്ന ഉത്രാടസദ്യ കാണാൻ ഒട്ടേറെ ഭക്തരും എത്തിയിരുന്നു. മനക്കര ശ്രീശൈലം എം.വി.അരവിന്ദാക്ഷൻ നായരാണ് ക്ഷേത്രത്തില്‍ ഉത്രാടനാളില്‍ വാനരസദ്യ നടത്തുന്നത്.

Back to top button
error: