ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല. വറുത്ത പച്ചക്കായയും ശർക്കരയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ. വാഴയിലയുടെ ഇടതു ഭാഗത്തായി വിളമ്പുന്ന ശർക്കര വരട്ടി രുചിച്ചാണ് സദ്യയിലേക്ക് കടക്കുന്നത്. ശർക്കര ഉപ്പേരി, ശർക്കര പുരട്ടി എന്നും ഇതിന് പേരുകളുണ്ട്. രുചികരമായ ശർക്കരവരട്ടി വീട്ടിൽ തന്നെ തയ്യാറാക്കം
ചേരുവകൾ
നേന്ത്രക്കായ- 3 എണ്ണം
ശർക്കര-2 എണ്ണം
ചുക്കുപൊടി-അര ടീസ്പൂൺ
അരിപ്പൊടി-2 ടീസ്പൂൺ
ഏലക്കായ-4 എണ്ണം
ജീരകം പൊടിച്ചത്-അര ടീസ്പൂൺ
എണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ നേന്ത്രക്കായ നീളത്തിൽ രണ്ടായി കീറി 1/2 സെ.മീ കനത്തിൽ മുറിച്ചു വയ്ക്കുക. ഈ കഷ്ണങ്ങൾ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക.
ചീനച്ചട്ടിയിൽ എണ്ണ തിളയ്ക്കുമ്പോൾ നേന്ത്രക്കായ കഷണങ്ങൾ ചെറുതീയിൽ വറുത്തുകോരുക. കട്ടിയുള്ള കാരണം ഉള്ള് വേവാൻ താമസിക്കും. നല്ല മൊരിഞ്ഞു തുടങ്ങുമ്പോൾ ഇളക്കുമ്പോൾ മനസ്സിലാകും. ഏതാണ്ട് 20-25 മിനുട്ടുകൾ വേണം ഒരു തവണ വറുത്തുകോരാൻ. ശേഷം കോരി എടുത്ത് ചൂടാറാൻ വക്കുക,ഒരു പേപ്പറിൽ നിരത്തി ഇട്ടാൽ മതി.
ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. നന്നായി ഉരുകി കഴിഞ്ഞാൽ, വിരല് കൊണ്ട് തൊട്ടു നോക്കി നൂൽ പരുവമായോ എന്ന ഉറപ്പ് വരുത്തണം. അങ്ങനെയെങ്കിൽ തയ്യാറാക്കി വച്ചിരിക്കുന്ന കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളക്കുക. ശേഷം തീ അണച്ച് ഒരു മിനിറ്റ് വെയ്ക്കുക.
ഇതിലേക്ക് വറുത്ത് പൊടിച്ചുവെച്ച ജീരകപ്പൊടി, ഏലക്ക പൊടി, ചുക്കു പൊടി എന്നിവ ചേർക്കുക. അവസാനം അരിപ്പൊടിയും വിതറുക.
കളിയടക്ക
ചേരുവകൾ
വറുത്ത അരിപ്പൊടി 2 കപ്പ്
ഉഴുന്ന് വറുത്ത് പൊടിച്ചത് 2 ടേബിൾ സ്പൂൺ
ചുവന്നുള്ളി 3 ,4 എണ്ണം
തേങ്ങ ചുരണ്ടിയത് 1/2 കപ്പ്
ജീരകം 2 tspn
ഉപ്പ് ആവശ്യത്തിന്
വെളിച്ചണ്ണ വറുക്കാൻ ആവശ്യത്തിന്
ചൂട് വെള്ളം കുഴക്കാൻ ആവശ്യത്തിന്
ചുവന്നുള്ളിയും, തേങ്ങയും ജീരകവും ഒരുപാട് പേസ്റ്റായി പോകാതെ അരച്ചെടുക്കുക. അരിപ്പൊടിയിലേക്ക്, ഉഴുന്ന് പൊടിയും ആവശ്യത്തിന് ഉപ്പുമിട്ട് മിക്സ് ചെയ്ത ശേഷം തേങ്ങാ അരച്ചത് ചേർത്തിളക്കി ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ച് ഇടിയപ്പത്തിന്റെ പരുവത്തിൽ കുഴച്ചെടുക്കുക .. ഇത് ചെറിയ ഉരുളകളാക്കി എടുത്ത് ചൂടായ വെളിച്ചെണ്ണയിൽ മീഡീയം ഫ്ലെയിമിൽ ഗോൾഡൻ കളറിൽ വറുത്ത് കോരുക
ഏത്തയ്ക്ക ഉപ്പേരി
ഏത്തക്ക തൊലി കളഞ്ഞു നാലായി കീറി കനം കുറച്ചു അരിഞ്ഞത് – 2 കപ്പ്
മഞ്ഞള്‍ പൊടി – ഒരു ടി സ്പൂണ്‍
വെളിച്ചെണ്ണ – 3 കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കായ അരിഞ്ഞത് മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലിട്ടു കഴുകി വാരി എടുകുക.
ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കി തിളക്കാന്‍ തുടങ്ങുമ്പോള്‍ കായ ചേര്‍ത്ത് വറുക്കുക.
മുക്കാല്‍ മൂപ്പ് ആകുമ്പോള്‍ ഉപ്പ്അല്പം വെള്ളത്തില്‍ കലക്കിയത് തളിച്ച് മൂപ്പിച്ചു കോരുക.ഉപ്പേരി തയ്യാര്‍
ചൂടാറിയ ശേഷം വായു കടക്കാത്ത ഭരണിയില്‍ സൂക്ഷിച്ചാല്‍ കുറെ നാള്‍ ഉപയോഗിക്കാവുന്നതാണ്.
(ആധികാരിക രുചിക്ക് വെളിച്ചെണ്ണ ഉപയോഗിക്കുക)