ഇതുവരെ ലഭ്യമായിട്ടുള്ള രേഖകളില്‍ ഓണത്തെ കുറിച്ച് പരാമര്‍ശമുള്ള ഏറ്റവും പൗരാണിക രേഖ സംഘകാല കൃതികളാണ്. മധുര കാഞ്ചി എന്ന സംഘസാഹിത്യകൃതിയിലാണ് ഓണത്തെ കുറിച്ച് പരാമര്‍ശമുള്ളത്. ഇതിനുശേഷം ഓണത്തെക്കുറിച്ചുള്ള ആധികാരികമായ പരാമര്‍ശങ്ങള്‍ കാണുന്നത് രണ്ടാം ചേരരാജാക്കന്മാരുമായി ബന്ധപ്പെട്ട ശാസനങ്ങളിലാണ്. എഡി 800 മുതല്‍ എഡി 1124 വരെയുള്ള കാലഘട്ടത്തിലെ ചേരശാസനങ്ങളില്‍ ഭൂരിപക്ഷവും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതാണ്. എഡി 849-ലെ തരിസാപ്പള്ളി ശാസനം, എഡി 1000-ലെ ജൂതശാസനം എന്നിവയാണ് ചേരശാസനങ്ങളില്‍ മതേതര സ്വഭാവമുള്ളവ.
ചേരശാസനങ്ങളില്‍ ഓണം പരാമര്‍ശിക്കപ്പെടുന്നത് ക്ഷേത്രത്തിലെ ഒരു ഉത്സവമെന്ന നിലയിലാണ്. ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ ലിഖിതപരമായ പരാമര്‍ശം കാണുന്നത് എഡി 861ലെ തിരുവാറ്റുവായ ചെപ്പേടിലാണ്. രണ്ടാമത്തെ ചേരപെരുമാളായ സ്ഥാണുരവി കുലശേഖരന്റെ പതിനേഴാമത്തെ ഭരണവര്‍ഷമായ എഡി 861-ല്‍ പുറത്തിറക്കപ്പെട്ട ഈ ശാസനം വട്ടെഴുത്ത് ലിപിയിലുള്ളതാണ്. കോട്ടയം ജില്ലയിലെ വാഴപ്പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന വിഷ്ണുക്ഷേത്രമാണ് തിരുവാറ്റുവായ ക്ഷേത്രം. ഈ ക്ഷേത്രത്തിന് പുഞ്ചപ്പടക്കാലത്ത് ചേന്നൻ ചങ്കരൻ എന്ന വ്യക്തി ദാനം ചെയ്ത ഭൂമിയിലെ നെല്ലുകൊണ്ട് ഓണം ഊട്ട് നടത്തണമെന്ന് ശാസനത്തില്‍ പറയുന്നു. ഭൂമിയിലെ നെല്ലുകൊണ്ട് ബ്രാഹ്മണര്‍ക്കുള്ള ഊട്ടും നടത്തണമെന്നും ശാസനം പറയുന്നു.
ഓണത്തെക്കുറിച്ചുള്ള മറ്റൊരു പരാമര്‍ശം കാണുന്നത് എഡി 12-ാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തിലാണ്. 630 ഓളം വരികളുള്ള തിരുവല്ല ശാസനം കേരളത്തിലെ ഏറ്റവും വലിയ ശാസനമാണ്. ഈ ശാസനത്തിന്റെ 403 മുതല്‍ 438 വരെയും, 621-ാമത്തെ വരിയിലുമാണ് ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നത്. തിരുവല്ല ശാസനത്തിന്റെ 411-ാം വരിയിലെ പരാമര്‍ശപ്രകാരം നെല്ല് വിളയുന്ന മുഞ്ഞ നാട്ടിലെ ഭൂമി, ആവണിഓണത്തിന്റെ അഥവാ തിരുവോണത്തിന്റെ ചിലവ് നടത്താനായി നീക്കിവെച്ചിരിക്കുന്നു. അതേസമയം, മുഞ്ഞ നാട് എവിടെയാണെന്ന് വ്യക്തമല്ല. കുട്ടനാട്ടിലാണെന്ന് പൊതുവെ കരുതപ്പെടുന്നു.അല്ലെങ്കിൽ മാവേലിക്കര ഉൾപ്പെടുന്ന ഓണാട്ടുകരയാകാം.
തിരുവല്ല ശാസനത്തിന്റെ 621-ാം വരിയില്‍ തിരുവോണക്കണം എന്നൊരു പരാമര്‍ശം കാണുന്നു. തിരുവോണാഘോഷത്തിനായി ക്ഷേത്രം നീക്കിവെച്ച ഭൂമിയുടെ ഉത്തരവാദിത്വമുള്ള ബ്രാഹ്മണ ഊരാളരുടെ സമിതിയാണ് തിരുവോണക്കണം എന്ന പദംകൊണ്ട് വ്യാഖ്യാനിക്കപ്പെടുന്നത്.
ഓണത്തെക്കുറിച്ചുള്ള മറ്റൊരു പരാമര്‍ശമുള്ളത് ചേരരാജാവായ ഭാസ്കര രവിയുടെ ഭരണകാലത്ത്, എഡി 1004ലെ തൃക്കാക്കര ശാസനത്തിലാണ്. ഭാസ്കര രവിയുടെ 42-ാമത്തെ ഭരണവര്‍ഷമായിരുന്നു എഡി 1004. ഒൻപതാമത്തെ തൃക്കാക്കര ക്ഷേത്ര രേഖയിലാണ് ഓണത്തെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. തൃക്കാക്കര ദേവന് പൂരാടം മുതല്‍ തിരുവോണം വരെയുള്ള മൂന്നു ദിവസങ്ങളില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ശാസനം പരാമര്‍ശിക്കുന്നത്. ഈ ദിവസങ്ങളില്‍ ബ്രാഹ്മണര്‍ക്കും വൈഷ്ണവര്‍ക്കും ക്ഷേത്രത്തില്‍ സൗജന്യമായ ഊട്ട് അഥവാ ഭക്ഷണം ഉണ്ടായിരുന്നുവെന്നും ശാസനം സൂചിപ്പിക്കുന്നു.
താഴേക്കാട് രേഖ രാജസിംഹൻ എന്ന ചേരരാജാവിന്റെ മൂന്നാം ഭരണവര്‍ഷവുമായ എഡി 1024ലെ താഴേക്കാട് രേഖയിലും ഓണത്തെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. ഈ രേഖ ഇരിങ്ങാലക്കുടക്കടുത്തുള്ള താഴേക്കാട് പള്ളിപ്പറമ്ബിലുള്ള ഒരു സോപാനക്കല്ലില്‍ നിന്നാണ് കണ്ടെത്തിയത്. താഴേക്കാട് രേഖയുടെ 22-ാം വരിയില്‍ ഓണനെല്ല് എന്ന പദം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഓണനെല്ലിനോടൊപ്പം പടയണി എന്ന പദവും പരാമര്‍ശിക്കപ്പെടുന്നു.
വാമനന്റെ ജന്മദിനാഘോഷമെന്ന നിലയിലാണ് ചേരകാലഘട്ടത്തില്‍ ഓണം ക്ഷേത്രങ്ങളില്‍ ആഘോഷിക്കപ്പെട്ടത്.അപ്പോൾ മറ്റൊരു പ്രശ്നവും വരുന്നു.പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്ന് പറയപ്പെടുന്നു.എന്നാൽ പരശുരാമന് മുൻപിലുള്ള അവതാരമാണ് വാമനൻ.ചുരുക്കത്തിൽ കൂടുതൽ പഠനം നടത്തേണ്ട ഒരു വിഷയമാണ് ഓണം എന്ന് സാരം.