കുമളി: പൂവ് ഇല്ലാതെ മലയാളിക്കെന്ത് ഓണം ? എന്നാൽ പൂവിന് തമിഴ്നാടിനെയോ കർണാടകയോ ആശ്രയിക്കുകയും വേണം.ഇത്തവണത്തെ ഓണവിപണിയിലെ താരം മുല്ലപ്പൂവാണ്.കിലോ 700 രൂപ.
വില കേട്ട് ഞെട്ടണ്ട. കൊറോണയ്ക്കും പ്രളയത്തിനും മുൻപുള്ള ഓണസീസണിൽ കിലോയ്ക്ക് 2000 രൂപ വരെ വന്നിട്ടുണ്ട് കേരളത്തിൽ മുല്ലപ്പൂവിന്.
തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ഉള്‍പ്പെടുന്ന ശീലയംപെട്ടി ഗ്രാമത്തിലാണ് ഓണം ലക്ഷ്യമാക്കി പൂക്കള്‍ വൻതോതില്‍ കൃഷി ചെയ്തിരിക്കുന്നത്. ജമന്തി, വാടാമുല്ല, അരളി എന്നിവയാണ് പ്രധാന കൃഷി. ഇത്തവണ അനുകൂല കാലാവസ്ഥയും മികച്ച വിളവും ലഭിച്ച സന്തോഷത്തിലാണ് കര്‍ഷകര്‍. ഓണത്തോടനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ഇവര്‍ക്ക് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം ലഭിക്കുന്നത്.
ജമന്തി -80, വെള്ള ജമന്തി-300, ചെത്തി-180, അരളി-250, വെള്ള അരളി-400, വാടാമുല്ല-180, എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ശീലയംപെട്ടി മാര്‍ക്കറ്റില്‍ നിന്ന് മാസം ശരാശരി 30 ടണ്‍ പൂവ് കേരളത്തില്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്ക്. കര്‍ക്കടകമായതിനാല്‍ കഴിഞ്ഞമാസം വ്യാപാരം കുറഞ്ഞിരുന്നു.എന്നാല്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ താരം മുല്ലയാണ്. 700 രൂപയാണ് വില.