മൂന്നടി മണ്ണ് ചോദിച്ച വാമനന് തലയിൽ ചവിട്ടാൻ കുനിഞ്ഞു കൊടുത്ത മഹാബലിയുടെ നാടാണിത്.
ഈ മണ്ണിലാണ് ജെറുസലേമിൽ നിന്ന് ഇന്ത്യയില്‍ ആദ്യമായി ക്രിസ്തുവിന്റെ സുവിശേഷം കപ്പലിറങ്ങിയത്.
പാകിസ്താനിലും, ഇറാനിലും മുസ്ലിം പള്ളികൾ ഉണ്ടാവുന്നതിനു മുൻപ് ചേരമാന്‍ ജുമാ മസ്ജിദ് ഉണ്ടാക്കിയത് ഈ പുണ്യഭൂമിയിലാണ്.
ജൂതന്മാർ പലായനം ചെയ്തു വന്നിറങ്ങിയതും കൂട് കൂടിയതും നമ്മുടെ നാട്ടിലാ.
ഒരു ചുവന്ന കൊടി യുടെ കീഴിൽ ലോകത്തു ആദ്യമായി ഒരു സംസ്ഥാനത്ത് ജനാധിപത്യ സർക്കാർ ഉണ്ടായതും ഇവിടെയാ..
നാല് ചുറ്റും വെള്ളം കേറുമെന്നു അറിഞ്ഞിട്ടും എന്തും വരട്ടെ എന്ന് കരുതി വിത്തിറിക്കി നെല്ല് കൊയ്യുന്ന കുട്ടനാട്ടുകാരന്റെ നട്ടെല്ല് ലോകത്തു വേറെ എവിടേലും കാണാൻ കിട്ടുവോ?
പൊള്ളുന്ന അറേബ്യൻ മരുഭൂമിയിലും , മരം കോച്ചുന്ന അമേരിക്കൻ മണ്ണിലും ഞങ്ങൾ ചെന്ന് കയറിയത് ഈ തന്റേടം കൊണ്ടാണ്.
ലോകം മുഴുവൻ ഇന്ന് മലയാളിയെ ജോലിക്കും മറ്റുമായി അന്വേഷിക്കുന്നെങ്കിൽ അത് ഞങ്ങളുടെ വിദ്യാഭ്യാസ മികവു കൊണ്ടാണ്.ഞങ്ങൾ മുണ്ടു മടക്കി കുത്തും, തല്ലു കൂടും, അല്പം രാഷ്ട്രീയവും കുശുമ്പും പറയും, കുറച്ചു ബീഫും തിന്നും.അതിന് ആർക്കേലും കുത്തല് കേറുന്നുണ്ടെങ്കിൽ അൽപ്പം വടക്കോട്ട് നീങ്ങിനിന്ന് കുത്തിക്കോ.
പൂർവികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് ഞങ്ങളുടെ ഉത്സവങ്ങളും പെരുന്നാളുകളും. ഓണമോ ഈദോ ക്രിസ്മസോ.. എന്തുമാകട്ടെ, കേരളമാകെ അതിന്റെ ആഘോഷത്തിലമരും.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയുമാണ്.നാടിന്റെ ആവേശവും അഭിമാനവുമാണ് ഇവിടുത്തെ ഓരോ ആഘോഷവും. മിത്തുകൾ ജീവൻ വെച്ചാടുന്ന തെയ്യക്കോലങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനമോ, അലങ്കാരവിളക്കുകൾ കൊണ്ട് അലംകൃതമായ പളളിപ്പറമ്പിലെ പെരുന്നാളോ തുടങ്ങി ഒരു സഞ്ചാരിയെ ആശ്ചര്യപൂരത്തിലാറാടിക്കാൻ പോന്ന ആഘോഷങ്ങള്‍ നാടിന്റെ ഏതെങ്കിലുമൊരു ദിക്കിൽ എപ്പോഴുമുണ്ടാകും.
അതെ,മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് ഞങ്ങളുടെ കേരളം. പലതരം സംസ്ക്കാരങ്ങളുടെ സംഗമഭൂമി. വിഭിന്നമായ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും കാലാതിവർത്തിയായ പാരസ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളീയമെന്ന ഒറ്റവികാരത്തിൽ ഒരുമിപ്പിക്കുന്നതാണ് ഈ മണ്ണിൽ അരങ്ങേറുന്ന ഓരോ ആഘോഷത്തിന്റെയും കാതൽ.
കേരളമൊന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.കേരളത്തിന്റെ ദേശീയോത്സവം. ഐതിഹ്യമനുസരിച്ച്, കേരളനാട്ടിൽ ശാന്തിയും സമാധാനവും കളിയാടിയിരുന്ന കാലമായിരുന്നു അസുര രാജാവായ മഹാബലി വാണ കാലം.പ്രജാക്ഷേമതൽപരനായിരുന്ന മഹാബലി കൊല്ലം തോറും തന്റെ നാട്ടുകാരെ കാണാനെത്തുന്ന ദിനമാണ് മലയാളമാസമായ ചിങ്ങത്തിലെ തിരുവോണം.മഹാബലിയെ സ്വീകരിക്കാനുളള ഒരുക്കങ്ങളാണ് തിരുവോണദിനത്തോടനുബന്ധിച്ചുളള ആഘോഷങ്ങൾ.നാടൻ പന്തുകളിയും വടംവലിയും വള്ളംകളിയും ഊഞ്ഞാലാട്ടവും ഉപ്പേരി കൊറിക്കലുമെല്ലാം ഓണത്തിന്റെ പ്രത്യേകതകളാണെങ്കിലും അറുപതു വിഭവങ്ങൾ വരെ നിറയുന്ന തൂശനിലയിലെ തിരുവോണസദ്യ ആണ് അതിന്റെ ഹൈലൈറ്റ്.
അത്തപ്പൂക്കളവും മാവേലിയും ഓണസദ്യയുമെല്ലാം മലയാളിക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. എവിടെയാണെങ്കിലും തിരുവോണത്തിന് സദ്യയുണ്ണാനായി മലയാളികള്‍ സ്വന്തം വീട്ടിലേക്ക് ഓടിയെത്തും. തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യയ്ക്ക് മറ്റൊരിടത്തും ലഭിക്കാത്ത രുചിവൈവിധ്യമാണുള്ളത്.സദ്യവട് ടങ്ങള്‍ പലനാട്ടില്‍ പലതാണെങ്കിലും തിരുവോണത്തിന് ഓണസദ്യയുണ്ണാത്ത മലയാളികളുണ്ടാവില്ല.ഉപ്പേരിയും ഉപ്പിലിട്ടതും തുടങ്ങി പായസം വരെയുള്ള വിഭവങ്ങള്‍ ഇലയില്‍ നിരന്നാൽ പിന്നെ ആരുടെ വായിലാണ് കപ്പലോടാത്തത് ?
ബൈദി ബൈ, ഓണം കേരളീയർ ഒന്നടങ്കം ആഘോഷിക്കുന്നതിൽ ആർക്കെങ്കിലും അനിഷ്ടമുണ്ടെങ്കിൽ മുൻപ് പറഞ്ഞതു തന്നെ-അൽപ്പം വടക്കോട്ട് നീങ്ങുക !
ഓണം വെറുമൊരു ആഘോഷം മാത്രമല്ല, അത് കലയ്ക്കും കായികത്തിനും വേണ്ടിയുള്ള കേരളത്തിന്റെ നീക്കിയിരുപ്പ് കൂടിയാണ്.തൃപ്പൂണിത്തുറയിലെ അത്തച്ചമയാഘോഷങ്ങളോടെ കേളികൊട്ട് ഉയരുന്ന ഓണത്തിന് ആറന്മുളയിലെ ഉത്രട്ടാതി വള്ളംകളിയോടാണ് കൊടി ഇറങ്ങുന്നത്.നൂറുകണക്കിന് കലാകായിക-സാംസ്കാരിക മേളകളാണ് ഓരോ ഓണക്കാലത്തും നടക്കുന്നത്. മഴക്കാലത്ത് മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ എത്രയെത്ര തട്ടിക്കൂട്ട് ക്ലബുകളാണ് ഓരോ ഗ്രാമത്തിലും ഓണക്കാലത്ത് മാത്രം ഉയർന്നുവരുന്നത് ?
ജാതിമതഭേദമന്യേയുള്ള കൂട്ടംചേരലുകളായിരുന്നു അന്നത്തെ ക്ലബുകൾ.കര്‍ക്കിടകത്തിന്റെ ഇരുണ്ട മുഖംമൂടി മാറ്റി ചിങ്ങനിലാവിന്റെ കസവു ചേലയുമുടുത്ത് ഓണം പടിവാതിലിൽ എത്തുന്നതിനു മുൻപേ നാട്ടിലെ ജനങ്ങളുടെ ആവേശം ആകാശത്തോളം ഉയർത്താൻ ഇത്തരം ക്ലബുകൾക്ക് കഴിയുമായിരുന്നു.പൂവിളി പൂവിളി പൊന്നോണമായി എന്ന് ഉയർത്തിക്കെട്ടിയ കോളാമ്പിയിലൂടെ ഒഴുകിയെത്തുന്ന പാട്ട് ഓരോ ഗ്രാമിണരുടെയും ഓണാവേശത്തെ അത്യുന്നതങ്ങളിൽ എത്തിക്കുകയും ചെയ്യുമായിരുന്നു.
കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും കപ്പ പറിച്ച കാലാകളിലും വരെ ഓണത്തിനോടനുബന്ധിച്ച് കലാകായിക മാമാങ്കങ്ങൾ നടന്നിരുന്നു.ഓരോ പ്രദേശത്തുള്ളവരും താന്താങ്ങളുടെ ആചാരങ്ങൾ കലാപരതയോടെ അനുഷ്ഠിച്ചപ്പോഴാണ് അവ കാലക്രമേണ അനുഷ്ഠാന കലകളായി രൂപപ്പെട്ടത്. തെയ്യവും തീയാട്ടും തോൽപ്പാവക്കൂത്തും കാവടിയാട്ടവും കാളവേലയും പൂതനും തിറയും ദഫ് മുട്ടും മാർഗം കളിയും തുയിലുണർത്തു പാട്ടും തുടങ്ങി അങ്ങനെയെത്രയെണ്ണം !
കലയ്ക്കും കായികത്തിനും വേണ്ടിയുള്ള ഏത് കൂട്ടായ്മയും ആദരിക്കപ്പെടേണ്ടതാണ്.ജാതിക്കും മതത്തിനും വെറുപ്പിന്റെ വിതരണത്തിനും വേണ്ടിയുള്ള കൂട്ടംകൂടലുകൾ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും പാരസ്പര്യത്തിനും വൻതോതിൽ വെല്ലുവിളി ഉയർത്തുന്ന സമകാലിക സന്ദർഭത്തിൽ പ്രത്യേകിച്ചും.ഇവിടെയാണ് ഓണം പോലെയുള്ള ആഘോഷങ്ങളുടെ പ്രസക്തിയും!
(ഓണത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചില കുത്തിത്തിരുപ്പ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ലോകത്തിന്റെ കോണിൽ മലയാളി എവിടെ ഉണ്ടെങ്കിലും അവിടെ ഓണം ആഘോഷിച്ചിരിക്കും. ജാതി – മത ഭേദമന്യേ മലയാളികൾ ഒരുമയോടെ ആഘോഷിക്കുന്ന ദിവസമാണ് പൊന്നോണം. ഇതിനെ വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും അടുത്തകാലത്തായി ഉയർന്നുവരുന്നുണ്ട്. അത്തരത്തിൽ ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണെന്ന് കമന്റിട്ടയാൾക്കുള്ള മറുപടി)