KeralaNEWS

പായസവും പഴവും കഴിച്ച് സ്പീക്കര്‍ മടങ്ങി; നിയമസഭാ ഓണ സദ്യ ഒരുക്കിയത് 1300 പേര്‍ക്ക്, പകുതി വിളമ്പിയപ്പോള്‍ തീര്‍ന്നു!

തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേര്‍ക്കു വിളമ്പിയപ്പോഴേക്കും തീര്‍ന്നു. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനും ഊണ്‍ കിട്ടിയില്ല. 20 മിനിറ്റോളം കാത്തു നിന്ന ശേഷം പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി.

1300 പേര്‍ക്കായിരുന്നു സദ്യ ഒരുക്കിയത്. എന്നാല്‍ വിളമ്പാന്‍ സാധിച്ചത് 800 പേര്‍ക്ക് മാത്രം. 1300 പേര്‍ക്ക് സദ്യ നല്‍കാനാണ് ക്വട്ടേഷന്‍ കൊടുത്തത്. കട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതോടെ ക്വട്ടേഷന്‍ അവര്‍ക്ക് നല്‍കി.

Signature-ad

400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്‍ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതിപ്പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവര്‍ക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടര്‍ന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചു നല്‍കി. രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാള്‍ വിട്ടു.

നിയമസഭാ ജീവനക്കാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും ഇ സഭയുടെ ചുമതലയുള്ള കരാര്‍ ജീവനക്കാര്‍ക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കലാകായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരവും അരങ്ങേറി. മുന്‍ കാലങ്ങളില്‍ ജീവനക്കാര്‍ പിരിവെടുത്താണ് നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ഇത്തവണ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേര്‍ ഇന്ത്യന്‍ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്. സദ്യ അലങ്കോലമായതിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

 

Back to top button
error: