ന്യൂഡല്‍ഹി: സുര്‍ജിത്ത് ഭവനില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ക്ലാസ് നടത്തുന്നതിനും പോലീസ് വിലക്ക്. കഴിഞ്ഞ ദിവസം ജി 20ക്ക് ബദലായ വി 20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുര്‍ജിത്ത് ഭവനിലെ പാര്‍ട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്. പരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ക്ലാസ് നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതാണ് പോലീസ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.
സ്വകാര്യ സ്ഥലത്ത് യോഗം നടത്താന്‍ അനുമതി വേണമെന്ന പോലീസ് നിലപാടിനെ ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. സുര്‍ജിത്ത് ഭവന് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണ്. ഇത് സ്വകാര്യ സ്ഥലമാണെന്നും ഇവിടെ പരിപാടി നടത്തുന്നതില്‍ പോലീസിന് ഒരു കാര്യവുമില്ലെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.
രാവിലെ പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. ജി 20 യോഗം നടക്കുന്നതിനാല്‍ പരിപാടി നടത്തരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം പിബി അംഗം എം.എ ബേബി, എം സ്വരാജ് അടക്കമുള്ളവരും ഇന്നത്തെ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു.