IndiaNEWS

എന്തുകൊണ്ട് യോഗിയുടെ കാലില്‍ തൊട്ടു; മറുപടിയുമായി രജനി

ന്യൂഡല്‍ഹി: യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ തൊട്ട് വന്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. യോഗിയെ സന്ദര്‍ശിക്കവേ രജിനി അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ചതില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അറിയാത്തത് കൊണ്ടാണോ രജനി യോഗിയെ വണങ്ങിയതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പ്രായംകൊണ്ട് യോഗിയെക്കാള്‍ മുതിര്‍ന്ന രജനി അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്നതാണ് മറ്റൊരു വാദം അതേസമയം, താരത്തെ അനുകൂലിച്ചും ഒട്ടവവധിപേര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

പ്രായമല്ല തന്റെ മാനദണ്ഡമെന്നും സംന്യാസിമാരെ കണ്ടാല്‍ താന്‍ വണങ്ങുമെന്നും രജനികാന്ത് പറഞ്ഞു. യോഗിയോ സന്യാസിയോ ആകട്ടെ. എന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും അവരുടെ കാലില്‍ തൊടുന്ന സ്വഭാവം എനിക്കുണ്ട്- മാധ്യമപ്രവര്‍ത്തകരോട് രജനികാന്ത് പറഞ്ഞു. യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നും യോഗിക്കൊപ്പം ജയിലര്‍ കാണുമെന്നും രജിനികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയുള്ള വിമര്‍ശനം കെട്ടടങ്ങുന്നതിനും മുന്‍പാണ് കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പുറത്തുവന്നത്.

Signature-ad

500 കോടി ബോക്‌സ് ഓഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ് ജയിലര്‍. എന്നാല്‍, ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ ആത്മീയ യാത്രയിലാണ് രജിനി. യാത്രയുടെ ഭാഗമായാണ് അദ്ദേഹം ഉത്തര്‍പ്രദേശിലെത്തിയത്. ഝാര്‍ഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തില്‍ രജനി സന്ദര്‍ശനം നടത്തിയിരുന്നു. ഏറെക്കാലമായി വിചാരിക്കുന്നതാണ് ഈ ക്ഷേത്രത്തില്‍ വരണമെന്ന്, നല്ല അനുഭവമായിരുന്നെന്നും ഇനിയും ഇവിടെ വരുമെന്നും ക്ഷേത്ര ദര്‍ശനത്തിന് ശേഷം രജനി വ്യക്തമാക്കി. ഇതിനിടെ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനുമായും രജനി കൂടിക്കാഴ്ചയും നടത്തി.

 

 

Back to top button
error: