കൊല്ലം ചിതറയില്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാൻ തുനിഞ്ഞ 26കാരിയെ രക്ഷപ്പെടുത്തി പോലീസ്. ചിതറ സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വളവുപച്ചയിലാണ് സംഭവം.
രാത്രിയില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടിലെ മുറിയുടെ വാതിലടച്ച് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. സംശയം തോന്നി അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവതി വാതില്‍ തുറന്നില്ല. ഒടുവില്‍ അമ്മ പരിഭ്രമത്തോടെ ചിതറ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് യുവതിയുടെ വീട്ടിലെത്തി. പോലീസ് വിളിച്ചിട്ടും യുവതി വാതില്‍ തുറന്നില്ല. ഇതോടെ പോലീസ് സംഘം വാതില്‍ ചവിട്ടിപ്പൊളിച്ചു. സീലിങ്ങ് ഫാനില്‍ അര്‍ധപ്രാണനുമായി തൂങ്ങിനില്‍ക്കുകയായിരുന്ന യുവതിയെ സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കഴുത്തിലെ കുരുക്ക് അറത്തുമാറ്റി രക്ഷപ്പെടുത്തി.
അവശ നിലയിലായിരുന്ന യുവതിയെ ഉടന്‍ പോലീസ് ജീപ്പില്‍ കടയ്ക്കല്‍താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
രണ്ടുമണിക്കൂര്‍ ആശുപത്രിയില്‍ തുടര്‍ന്ന പോലീസ് സംഘം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിഞ്ഞ ശേഷമാണ് മടങ്ങിയത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കാസർകോട് തൃക്കരിപ്പൂരിൽ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പൊലീസും അഗ്‌നി രക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോയോങ്കര മൃഗാശുപത്രിക്ക് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 36കാരിയാണ് ആത്മഹത്യ ശ്രമം നടത്തിയത്.
വാതില്‍ പൂട്ടി മുറിക്കകത്ത് കയറി ശരീരത്തില്‍ മുഴുവന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ ചിറ്റാരിക്കാല്‍ പൊലീസും തൃക്കരിപ്പൂര്‍ അഗ്‌നി ശമന സേനാംഗങ്ങളും തന്ത്രപൂര്‍വം കീഴ്‌പ്പെടുത്തുകയായിരുന്നു. ദേഹത്തും മുറിയിലും മുഴുവന്‍ പെട്രോള്‍ തളം കെട്ടി നിന്നിരുന്നു.
കയ്യില്‍ തീപ്പെട്ടി പിടിച്ചുനിന്ന യുവതിയെ വളരെ തന്ത്രപൂര്‍വം വാതില്‍ തുറന്ന് കയ്യിലെ തീപ്പെട്ടി വെള്ളം പമ്പ് ചെയ്തു നനച്ചു. തീ കത്തിച്ചിരുന്നെങ്കില്‍ കെട്ടിടം ഒന്നാകെ കത്തിയമരുമായിരുന്നു. യുവതി പിതാവിനൊപ്പമാണ് താമസിക്കുന്നത്. യുവതിക്ക് രണ്ട് മക്കളുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു.
തൊട്ടടുത്ത താമസക്കാര്‍ പെട്രോളിന്റെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പെട്രോള്‍ ഒഴിച്ച നിലയില്‍ കണ്ടെത്തിയത്.