KeralaNEWS

സംസ്ഥാനത്ത് വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ താഴെ, പൊതുവിതരണ രംഗത്ത് പ്രശ്നമെന്ന് മാധ്യമങ്ങളുടെ പ്രചാരണം: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ താഴെയെന്ന് മുഖ്യമന്ത്രി. പൊതുവിതരണ രംഗം പ്രശ്നബാധിതമെന്ന പ്രചാരണം മാധ്യമങ്ങൾ നടത്തുന്നുവെന്നും എന്നാൽ ജനങ്ങളുടെ അനുഭവത്തിൽ ഇതെല്ലാം വസ്തുതയല്ലെന്ന് ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ വിപണിയിൽ നൽകുന്ന സബ്സിഡിയിലൂടെ 100 കോടി രൂപയുടെ ലാഭം പൊതുജനങ്ങൾക്ക് കിട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. കൺസ്യൂമർ ഫെഡ് ഓണവിപണി കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ വിപണി ഇടപടലിലൂടെ കഴിയുന്നുണ്ട്. ഇടപെടലിൻ്റെ ഭാഗമായി വിലക്കയറ്റ തോത് കുറച്ചു കൊണ്ടുവരാൻ കഴിയുന്നുവെന്നും സംസ്ഥാനത്ത് പച്ചക്കറി ഉൽപാദന രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും സാധരണയായി ഈ കാലത്ത് സംസ്ഥാനത്തെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ ക്ഷാമം നേരിടുകയാണ്. 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പല സപ്ലൈക്കോ മാർക്കറ്റുകളിലുമില്ലെന്നതാണ് യാഥാർത്ഥ്യം. കൊച്ചിയിലെ സപ്ലൈക്കോ ഔട്ട് ലെറ്റിൽ സബ്സിഡിയുള്ള 13 ഇനങ്ങളിൽ അരിയും ഉഴുന്നും ഉണ്ട്. ചെറുപയർ, വൻ പയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക്, മല്ലി അടക്കമുള്ളത് കിട്ടാനില്ല എന്നാണ് കൊച്ചിയിലെ ഒരു വീട്ടമ്മ പറഞ്ഞു. ഉഴുന്ന് മാത്രം കഴിച്ച് ജീവിക്കാനാകുമോ എന്നും കൊച്ചിയിലെ ആ വീട്ടമ്മയുടെ ചോദ്യം.

Signature-ad

പൊതുവിപണിയിൽ അരിക്കും പച്ചക്കറികൾക്കുമെല്ലാം തൊട്ടാൽ പൊളളുന്ന വിലയാണ്. തക്കാളിയടക്കം പച്ചക്കറികളുടെ വില അൽപ്പം പോലും കുറഞ്ഞിട്ടില്ല. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കേരളത്തിലെ മൊത്ത വിപണിയിൽ അരിയുടെ വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. അൽപ്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് സബ്സിഡി സാധനങ്ങൾ ലഭിക്കുന്ന സപ്ലൈക്കോയാണ് എന്നാൽ സപ്ലൈക്കോയിൽ പല സബ്സിഡി സാധനങ്ങളും കിട്ടാനുമില്ലാത്ത സ്ഥിതിയാണ് കേരളത്തിൽ. മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Back to top button
error: