KeralaNEWS

ഓണം പട്ടിണിയാകുമെന്ന് പറഞ്ഞ ദുരന്ത പ്രവാചകർ എവിടെ? മന്ത്രി എം ബി രാജേഷ് എഴുതുന്നു

ന്തെല്ലാമായിരുന്നു പ്രചാരണ കോലാഹലങ്ങൾ. ഓണം കഷ്ടമായിരിക്കും, സപ്ലൈക്കോയുടെ ഓണ ചന്തകളുണ്ടാവില്ല, സപ്ലൈക്കോയ്ക്ക്‌ കൊടുക്കാൻ പണമില്ല, ബോണസും ഉത്സവബത്തയും ഓണക്കിറ്റുമൊന്നും ഉണ്ടാവില്ല… പ്രവചനങ്ങൾ അങ്ങനെ എന്തെല്ലാം.
പാലക്കാട്ടെ സപ്ലൈക്കോയുടെ ഓണച്ചന്ത കോട്ടമൈതാനത്ത്‌ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ചിത്രങ്ങളാണ്‌ കൊടുത്തിരിക്കുന്നത്‌. ശീതീകരിച്ച അതിഗംഭീരമായ ഓണച്ചന്തയിലെ റാക്കുകളെല്ലാം ഉൽപ്പങ്ങൾകൊണ്ട്‌ നിറഞ്ഞിരിക്കുന്നു. സപ്ലൈക്കോയിൽ സാധനങ്ങളില്ലെന്ന് അവാസ്തവ പ്രചാരണം നടത്തിയവർ കണ്ണുതുറന്നു കാണുമോ? ഉദ്ഘാടന ചടങ്ങ്‌ കഴിയുമ്പോഴേക്ക്‌ നീണ്ട ക്യൂ മൈതാനത്ത് രൂപപ്പെട്ടു‌ കഴിഞ്ഞിരുന്നു. സപ്ലൈക്കോ മുഖേന സർക്കാർ നടത്തുന്ന ഇടപെടലുകൾ ജനങ്ങൾ എത്ര പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ തെളിവായി ആ ക്യൂ.
 ഓണച്ചന്തയിലെ സാധനങ്ങളുടെ വിലയും പൊതുവിപണിയിലെ വിലയും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്‌. സപ്ലൈക്കോയിലെ വിലക്കുറവ്‌ അമ്പരപ്പിക്കുന്നതാണ്‌. സർക്കാർ സബ്സിഡി നൽകുന്നത്‌ കൊണ്ടു മാത്രമാണ്‌ ആ വിലയ്ക്ക്‌ നൽകാനാവുന്നത്‌. അങ്ങനെ സബ്സിഡി നൽകുന്നതുകൊണ്ടാണ്‌, രാജ്യത്ത്‌ വിലക്കയറ്റം പരിധി വിട്ടപ്പോഴും ഉത്സവകാലമായിട്ടും ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തിൽ അതിന്റെ ആഘാതം കുറയ്ക്കാൻ കഴിയുന്നത്‌. ഇങ്ങനെയുള്ള 1500 ഓണച്ചന്തകളാണ്‌ സപ്ലൈക്കോ കേരളത്തിൽ ആരംഭിച്ചത്‌. അതിനു‌ പുറമേ കുടുംബശ്രീയുടെ‌ 1085 ഓണച്ചന്തകളുമുണ്ട്‌.
19,000 കോടി രൂപയാണ്‌ ഓണക്കാലത്ത്‌ വിപണി ഇടപെടലിനും വിവിധ വിഭാഗത്തിനുള്ള സഹായമായും സർക്കാർ ചെലവഴിക്കുന്നത്‌. 60 ലക്ഷം പേർക്ക്‌ സാമൂഹ്യ സുരക്ഷാ പെൻഷൻ. 13 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസും ശമ്പള അഡ്വാൻസും ഉത്സവബത്തയും. തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ആയിരം രൂപ വീതം 46 കോടി. കശുവണ്ടി, കയർ, കൈത്തറി, ലോട്ടറി, പൂട്ടിക്കിടക്കുന്ന തോട്ടത്തിലെ തൊഴിലാളികൾ എന്നിവർക്കെല്ലാം ധനസഹായം. എക്സൈസ്‌ വകുപ്പ്‌ അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴിൽരഹിതരായ ചെത്തുതൊഴിലാളികൾക്ക്‌ 2500 രൂപയും വിൽപ്പനത്തൊഴിലാളികൾക്ക്‌ 2000 രൂപയും വീതം നൽകും. തദ്ദേശ സ്ഥാപനങ്ങൾ സംസ്ഥാനത്തെ 33378 ഹരിതകർമ്മ സേനാംഗങ്ങൾക്ക്‌ 1000 രൂപ വീതം ഉത്സവബത്ത നൽകും.
കേന്ദ്രസർക്കാർ കേരളത്തിനുള്ള ഗ്രാന്റിൽ 82%വും നികുതിവിഹിതത്തിൽ 26%വും കടുംവെട്ട്‌ നടത്തുകയും അതിലൂടെ 40000 കോടി രൂപയുടെ നഷ്ടം ഈ വർഷം സംസ്ഥാനത്തിന്‌ വരുത്തുകയും ചെയ്യുമ്പോഴാണ്‌ സംസ്ഥാന സർക്കാർ ഇതെല്ലാം ചെയ്യുന്നത്‌! കേന്ദ്രം 40,000 കോടിയുടെ നഷ്ടമുണ്ടാക്കുമ്പോൾ കേരളം തനതുവരുമാനം 23,000 കോടി വർദ്ധിപ്പിച്ചു. അങ്ങനെയാണ്‌ ഇങ്ങനെയെങ്കിലും പിടിച്ചുനിൽക്കുന്നത്‌.
ഓണം പട്ടിണിയാകുമെന്ന് പറഞ്ഞ ദുരന്ത പ്രവാചകർ എവിടെ? അവരുടെ നിരനിരയായി പൊട്ടിയ പല നുണബോംബുകളുടെ കൂട്ടത്തിൽ ഇതുകൂടി ഇരിക്കട്ടെ.

Back to top button
error: