KeralaNEWS

200 രൂപയ്ക്ക് ഏത്തയ്ക്ക ഉപ്പേരി; ചതിയിൽ വീഴാതിരിക്കുക

ചിങ്ങം പിറന്നതോടെ ഓണ സദ്യയിലെ ഒന്നാം നിരക്കാരായ ഉപ്പേരി വിഭവങ്ങള്‍ക്കും ഡിമാൻഡേറി.ഇതോടെ കിലോയ്ക്ക് 35 – 40 രൂപയില്‍ കിടന്ന ഏത്തയ്ക്കയുടെ വില 60 ന് മുകളിലെത്തി.ഉപഭോക്താക്കളുടെ താല്‍പ്പര്യമനുസരിച്ച്‌ നല്‍കാൻ വെളിച്ചെണ്ണയിലും, ഓയിലിലുമായി രണ്ട് തരത്തിലാണ് പ്രധാന കച്ചവടക്കാര്‍ ഉപ്പേരി വിഭവങ്ങള്‍ തയാറാക്കുന്നത്.
അതിനാൽ തന്നെ കടകളിലും വഴിയരികിലും ഒളിഞ്ഞിരിക്കുന്ന ചതി അറിഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും.ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്ത ഏത്തയ്ക്ക ഉപ്പേരിക്ക് വില കിലോഗ്രാമിന് 360 രൂപയാണെങ്കില്‍, അതേ രൂപമുള്ള ഉപ്പേരി നൂറ്റമ്പത് രൂപയ്ക്കും ഇരുന്നൂറ് രൂപയ്ക്കും ലഭിക്കും.കാഴ്ച്ചയില്‍ വ്യത്യാസമില്ലെങ്കിലും, ഗുണത്തില്‍ വലിയ അന്തരമാണുണ്ടാവുക. ഗുണനിലവാരം കുറഞ്ഞ എണ്ണയില്‍ വറുത്തുകോരുന്ന വിഭവങ്ങള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പൊതുനിരത്തുകളില്‍ സീസണ്‍ കാലയളവില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വില്‍പ്പനക്കാര്‍ക്ക് ആരോഗ്യവകുപ്പിന്റെയോ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ ലൈസൻസുണ്ടോയെന്ന് ഉപഭോക്താക്കള്‍ പരിശോധിക്കാറുമില്ല.

ഏത്തയ്ക്ക ഉപ്പേരിക്ക് നിലവിൽ 360 രൂപയാണ് കിലോ വില.ശർക്കര വരട്ടിക്ക് -320 രൂപയും. കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് പുറമേ, വിവിധ സംഘടനകള്‍, അയല്‍ക്കൂട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏത്തയ്ക്ക ഉപ്പേരിക്കും, ശര്‍ക്കരവരട്ടിക്കും കൂടുതൽ ഓര്‍ഡറുകള്‍ എത്തുന്നത്.വരും ദിവസങ്ങളില്‍ ഏത്തയ്ക്കയ്ക്കോ, വെളിച്ചെണ്ണയ്ക്കോ വിലവര്‍ദ്ധനവുണ്ടായാല്‍ അത് ഉപ്പേരി വിലയിലും പ്രതിഫലിക്കും.അതിനാൽത്തന്നെ വഴിയരികിലും മറ്റും വിലക്കുറവിൽ ഉപ്പേരി വിൽക്കുന്നവരെ കഴിവതും ഒഴിവാക്കുകയാണ് ഉചിതം.

Back to top button
error: